ഫെഡറര്‍, വില്ല്യംസ് സഹോദരിമാര്‍ മൂന്നാം റൗണ്ടില്‍; വോസ്‌നിയാക്കിയെ അട്ടിമറിച്ച് മകരോവ

ഫെഡറര്‍, വില്ല്യംസ് സഹോദരിമാര്‍ മൂന്നാം റൗണ്ടില്‍; വോസ്‌നിയാക്കിയെ അട്ടിമറിച്ച് മകരോവ

നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടത്തിന്റെ മൂന്നാം റൗണ്ടില്‍

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, വനിതാ താരങ്ങളും സഹോദരിമാരുമായ അമേരിക്കയുടെ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടത്തിന്റെ മൂന്നാം റൗണ്ടില്‍. അതേസമയം ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ആസ്‌ത്രേലിയന്‍ ഓപണ്‍ ജേത്രിയുമായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിയെ രണ്ടാം റൗണ്ടില്‍ റഷ്യയുടെ ഏക്തറീന മകരോവ  അട്ടിമറിച്ചു. 
 
രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഫെഡറര്‍ സ്ലോവാക്യന്‍ താരം ലുകാസ് ലക്കോയെ അനായാസം വീഴ്ത്തി. 6-4, 6-4, 6-1 എന്ന സ്‌കോറിനാണ് ഫെഡറര്‍ വിജയിച്ചത്. 

വനിതാ വിഭാഗത്തില്‍ ഇതിഹാസ താരം സെറീന വില്ല്യംസും അനായാസ വിജയം സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയയുടെ വിക്ടോറിയ ടൊമോവയെയാണ് സെറീന 6-1, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ട് സെറ്റുകളില്‍ വിജയം സ്വന്തമാക്കിയാണ് സെറീനയുടെ സഹോദരി വീനസ് രണ്ടാം റൗണ്ട് കടന്നത്. റൊമാനിയന്‍ താരം അലക്‌സാന്ദ്ര ഡുല്‍ഗേരുവാണ് 4-6, 6-0, 6-1 എന്ന സ്‌കോറിന് വീനസ് വില്ല്യംസിന്റെ പരിചയ സമ്പത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ചത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് വോസ്‌നിയാക്കി അട്ടിമറിക്കപ്പെട്ടത്. 4-6, 6-1, 5-7  എന്ന സ്‌കോറിനാണ് വോസ്‌നിയാക്കിയെ മകരോവ വീഴ്ത്തിയത്. രണ്ടാം സെറ്റില്‍ അനായാസ വിജയത്തോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ വോസ്‌നിയാക്കി മൂന്നാം സെറ്റില്‍ പൊരുതിയെങ്കിലും മകരോവയുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ തോല്‍വി വഴങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com