ആ ഏഴാം നമ്പര്‍ ജേഴ്‌സിയിലാണ് ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റഷ്യന്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചതിന് പിന്നാലെ താരത്തിന്റെ യുവന്റസിലേക്കുള്ള ചേക്കേറല്‍ വലിയ ചര്‍ച്ച
ആ ഏഴാം നമ്പര്‍ ജേഴ്‌സിയിലാണ് ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റഷ്യന്‍ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചതിന് പിന്നാലെ താരത്തിന്റെ യുവന്റസിലേക്കുള്ള ചേക്കേറല്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ക്രിസ്റ്റ്യാനോ ഇതുവരെ അതിനെ കുറിച്ച് മനസ് തുറന്നിട്ടില്ല. അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി റൊണാള്‍ഡോയ്ക്കായി തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന വെള്ളയും കറുപ്പും നിറത്തിലുള്ള ഏഴാം നമ്പര്‍ ജേഴ്‌സിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായതോടെ താരം ടൂറിനിലെത്തുമെന്ന് തന്നെ ആരാധകര്‍ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു. യുവന്റസിന്റെ ഫാന്‍ പേജായ ഫോര്‍സ യുവന്റസിലാണ് ജേഴ്‌സിയുടെ ചിത്രം ആദ്യം വന്നത്. പിന്നാലെ ആരാധകര്‍ ചിത്രവും വാര്‍ത്തയും ഏറ്റെടുത്തു.  പോര്‍ച്ചുഗല്‍ താരവുമായി കരാറിലെത്തിയെന്ന യുവന്റസ് മുന്‍ സി.ഇ.ഒ ലൂസിയാനോ മോഗിയുടെ വെളിപ്പെടുത്തലും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്റ്റാര്‍ നാല് വര്‍ഷത്തെ കരാറാകും യുവന്റസുമായി ഒപ്പിടുകയെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നടക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റയല്‍ മാഡ്രിഡ് മാനേജ്‌മെന്റും ക്രിസ്റ്റിയാനോയുടെ ആഗ്രഹത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ശനിയാഴ്ച യുവന്റസ് കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. താരം ഓള്‍ഡ് ലേഡിയുടെ പാളയത്തിലെത്തിയാല്‍ ഇറ്റാലിയന്‍ സീരി എയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാകും ഇത്. ലോകകപ്പ് അവസാനിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ തന്നെ സ്പാനിഷ് വമ്പന്‍മാരുടെ പാളയത്തില്‍ നിന്നുള്ള ക്രിസ്റ്റ്യാനോയുടെ പടിയിറക്കത്തിന്റെ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കപ്പെട്ടിരുന്നു. സിനദിന്‍ സിദാന്‍ റയല്‍ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയത് ക്രിസ്റ്റ്യാനോ ക്ലബ് വിടുമെന്ന സൂചന ലഭിച്ച ശേഷമാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. റയല്‍ വിട്ട് താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com