അവസാന ഓവര്‍ വരെ ആവേശം; ഹെയ്ല്‍സ് കരുത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് 

ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അലക്‌സ് ഹെയ്ല്‍സ് ഒറ്റയാനായി നിറഞ്ഞാടിയപ്പോള്‍ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം
അവസാന ഓവര്‍ വരെ ആവേശം; ഹെയ്ല്‍സ് കരുത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് 

ലണ്ടന്‍: അവസാന ഓവര്‍ വരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അലക്‌സ് ഹെയ്ല്‍സ് ഒറ്റയാനായി നിറഞ്ഞാടിയപ്പോള്‍ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം. രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഹെയ്ല്‍സ് 41 പന്തില്‍ പുറത്താകാതെ 58 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്‌കോര്‍- ഇന്ത്യ അഞ്ചിന് 148 (20), ഇംഗ്ലണ്ട് അഞ്ചിന് 149 (19.4).

അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് തന്നെ ഹെയ്ല്‍സ് സ്‌റ്റേഡിയത്തിന് പുറത്തെത്തിച്ചു. അഞ്ച് പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് കളി മാറുകയും ഇംഗ്ലണ്ട് ലക്ഷ്യം അനായാസം മറികടക്കുകയും ചെയ്തു. നേരത്തെ ജേസണ്‍ റോയ് (15), ജോസ് ബട്‌ലര്‍ (14), ജോ റൂട്ട് (9) എന്നിവര്‍ തുടക്കത്തിലേ വീണതോടെ ഒരു ഘട്ടത്തില്‍ മൂന്നിന് 44 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണിരുന്നു. ജോണി ബെയര്‍സ്‌റ്റോ 28 റണ്‍സെടുത്തു. ഇന്ത്യക്കായി ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. മൂന്നിന് 22 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ റണ്‍ നിരക്ക് കാര്യമായി ഉയരാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റെയ്‌ന 20 പന്തില്‍ 27 റണ്‍സെടുത്തു. കോഹ്‌ലി 38 പന്തില്‍ 47 റണ്‍സും കണ്ടെത്തി. അഞ്ച് ഫോര്‍ സഹിതം ധോണി 24 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com