റയല്‍ മാഡ്രിഡിനോട് ഗുഡ് ബൈ; ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി യുവന്റസിന്റെ മുന്നേറ്റക്കാരന്‍

യുവന്റസ് മുന്നോട്ടുവച്ച 805 കോടിയുടെ വാഗ്ദാനം റയല്‍ സ്വീകരിച്ചതോടെയാണ് കാര്യങ്ങള്‍ വേഗത്തില്‍ തന്നെ ധാരണയായത്
റയല്‍ മാഡ്രിഡിനോട് ഗുഡ് ബൈ; ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇനി യുവന്റസിന്റെ മുന്നേറ്റക്കാരന്‍

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനോട് അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട പറഞ്ഞു. സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോയെ കൈമാറുന്നത് സംബന്ധിച്ച് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും തമ്മില്‍ ധാരണയിലെത്തിയതായി ഇറ്റാലിയന്‍ ട്രാന്‍സ്ഫര്‍ വിദഗ്ധനായ ജിയാന്‍ലുക്ക ഡിമാര്‍സിയോയുടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് താരം യുവന്റസിലേക്ക് ചേക്കേറിയതായുള്ള റിപ്പോര്‍ട്ടുകളും വന്നത്. ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോയുടെ യുവന്റസ് മാറ്റം സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ടായിരുന്നു. യുവന്റസ് മുന്നോട്ടുവച്ച 805 കോടിയുടെ വാഗ്ദാനം റയല്‍ സ്വീകരിച്ചതോടെയാണ് കാര്യങ്ങള്‍ വേഗത്തില്‍ തന്നെ ധാരണയായത്. നാല് വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ സീരി എ പോരാട്ട ഭൂമികയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 

സിനദിന്‍ സിദാന്‍ പരിശീലക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ക്രിസ്റ്റ്യാനോ റയല്‍ വിടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നായിരുന്നു വാര്‍ത്തകള്‍. ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായതോടെ താരത്തിന്റെ യുവന്റസ് ചേക്കേറല്‍ വാര്‍ത്തകള്‍ക്കും ചൂടുപിടിച്ചു. റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസും മാഡ്രിഡ് അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനം ആയത്. 

ഒന്‍പത് സീസണുകള്‍ റയലിനായി കളിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡില്‍ നിന്ന് ടൂറിനിലേക്ക് പോകുന്നത്. 2009ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റയലിലേക്കെത്തിയത്. റയലിനൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, രണ്ട് സ്പാനിഷ് കിങ്‌സ് കപ്പ്, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടങ്ങളിലും താരം പങ്കാളിയായി. വിവിധ പോരാട്ടങ്ങളിലായി 438 മത്സരങ്ങളില്‍ നിന്ന് റയലിനായി 451 ഗോളുകളാണ് ഇതിഹാസ താരം വലയിലാക്കിയത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ക്രിസ്റ്റ്യാനോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com