'റയല്‍ എന്റെ ഹൃദയം കീഴടക്കി, ഏറ്റവും മനോഹരമായ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് നന്ദി': സ്‌നേഹനിര്‍ഭരമായി റൊണാള്‍ഡോയുടെ കത്ത്

നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ 15 കിരീടങ്ങള്‍,438 കളികളില്‍ നിന്നായി 450 ഗോളുകള്‍.. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിന്റെ കുപ്പായം അഴിക്കുമ്പോള്‍ ബാക്കിയാവുന്നവ
 'റയല്‍ എന്റെ ഹൃദയം കീഴടക്കി, ഏറ്റവും മനോഹരമായ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് നന്ദി': സ്‌നേഹനിര്‍ഭരമായി റൊണാള്‍ഡോയുടെ കത്ത്

മാഡ്രിഡ്: നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ 15 കിരീടങ്ങള്‍,438 കളികളില്‍ നിന്നായി 450 ഗോളുകള്‍.. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിന്റെ കുപ്പായം അഴിക്കുമ്പോള്‍ ബാക്കിയാവുന്നവ ഇതൊക്കെയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ആരാധകര്‍ക്കായി കുറിച്ച കത്ത് റൊണാള്‍ഡോ ആരംഭിക്കുന്നത്. 

അകമഴിഞ്ഞ നന്ദി മാത്രമാണ് റയലിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് വരുന്നത്. നല്‍കിയ സ്‌നേഹത്തിനും കരുതലിനും ക്ലബിന് നന്ദി.ജീവിതത്തിലെ പുതിയ ഘട്ടത്തിനായി ഞാന്‍ തയ്യാറെടുക്കുകയാണ്.അതിനുള്ള സമയമായി. അതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ അംഗീകരിക്കണമെന്ന് ക്ലബിനോട് ആവശ്യപ്പെട്ടത്.എന്നെ മനസിലാക്കണമെന്നാണ് ആരാധകരോട് എനിക്ക് ആവശ്യപ്പെടാനുള്ളത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്‍പത് വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. എല്ലാ അര്‍ത്ഥത്തിലും അതുല്യമായ ഒമ്പത് വര്‍ഷങ്ങള്‍.അങ്ങേയറ്റം പിന്തുണ ലഭിച്ചുവെങ്കിലും റയലിന്റെ പ്രൗഡി ഓരോ നിമിഷവും സങ്കീര്‍ണത നിറച്ചു കൊണ്ടേയിരുന്നു. മറ്റെങ്ങും കഴിയാത്തതു പോലെ ഫുട്‌ബോള്‍ ആസ്വദിക്കുവാന്‍ എനിക്കിവിടെ കഴിഞ്ഞു. കളിക്കളത്തിലും ഡ്രെസിങ് റൂമിലും ഏറ്റവും  മികച്ച സഹതാരങ്ങളെയാണ് എനിക്ക് ലഭിച്ചത്.ലോകത്തെവിടെയുമില്ലാത്ത ആരാധകക്കൂട്ടത്തിന്റെ നടുവിലെ കളികള്‍. 

തുടര്‍ച്ചയായ മൂന്ന് തവണയടക്കം അഞ്ചു വര്‍ഷത്തിനിടയില്‍ നാലു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ നമുക്ക് കഴിഞ്ഞു. ഒന്നിച്ച് മുന്നേറുമ്പോള്‍ തന്നെ നാലു ഗോള്‍ഡന്‍ ബോള്‍ , മൂന്ന് സുവര്‍ണപാദുകം എന്നീ നേട്ടങ്ങളും സ്വന്തമാക്കാനായി.

എല്ലാ അര്‍ത്ഥത്തിലും റയല്‍ എന്റെ ഹൃദയം കീഴടക്കി. എന്റെ മാത്രമല്ല, കുടുംബത്തിന്റെയും. എല്ലാത്തിനും നിങ്ങള്‍ക്ക് നന്ദി പറയുകയാണ്. ക്ലബ്ബിനും പ്രസിഡന്റിനും സഹതാരങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും, ക്ഷീണമില്ലാതെ കൂടെ ജോലി ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു.

 ആരാധകര്‍ക്കും സ്പാനിഷ് ഫുട്‌ബോളിനും സ്‌നേഹം നിറഞ്ഞ നന്ദി. ഈ ഒമ്പത് വര്‍ഷവും എനിക്ക് മുന്നില്‍ ഒരുപാട് മികച്ച താരങ്ങളുണ്ടായിരുന്നു. അവര്‍ക്കെല്ലാം ആദരവും ബഹുമാനവും നല്‍കുന്നു.
ജീവിതത്തിലെ പുതിയ വഴിത്തിരിവിന് സമയമായി. ഈ കുപ്പായവും ക്ലബ്ബുംസാന്റിയാഗോ ബെര്‍ന്നബ്യൂവും വിടുകയാണ്. പക്ഷേ ഞാനെവിടെയായാലും ഇതെല്ലാം എന്റേത് തന്നെയാണെന്ന വികാരം മാത്രമാണ് എനിക്കുള്ളത്. എല്ലാവര്‍ക്കും നന്ദി, ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നമ്മുടെ സ്റ്റേഡിയത്തില്‍ നിന്ന്  പറഞ്ഞത് ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു.. ഹലാ മാഡ്രിഡ്.'.

വികാര നിര്‍ഭരമാണ് കൂടുമാറ്റം സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ എഴുതിയ ഈ കത്ത്. മാഡ്രിഡ് വിടാന്‍ താന്‍ നിര്‍ബന്ധിതമാവുകയാണെന്ന് ഓരോ വാക്കിലും പറയുമ്പോഴും റയലിനോടും ആരാധകരോടും സ്‌നേഹം ആ വാക്കുകളില്‍ നിറഞ്ഞിരിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com