കോണ്ടെയുടെ സേവനം മതി; ഇനി മൗറീസിയോ സരി ചെല്‍സിയെ കളി പഠിപ്പിക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെയെ പുറത്താക്കി
കോണ്ടെയുടെ സേവനം മതി; ഇനി മൗറീസിയോ സരി ചെല്‍സിയെ കളി പഠിപ്പിക്കും

ഭ്യൂഹങ്ങള്‍ക്ക് വിരാമം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെയെ പുറത്താക്കി. സീസണിലെ മോശം ഫോമാണ് മുന്‍ ഇറ്റാലിയന്‍, യുവന്റസ് കോച്ചിന്റെ കസേര തെറിപ്പിച്ചത്. ഇറ്റാലിയന്‍ സീരി എ ടീം നാപ്പോളിയെ ഇക്കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തേക്കെത്തിച്ച മൗറീസിയോ സരിയാകും ചെല്‍സിയുടെ പുതിയ പരിശീലകന്‍. 

സീസണില്‍ എഫ്.എ കപ്പ് നേടി ചെല്‍സി മാനം കാത്തെങ്കിലും പ്രീമിയര്‍ ലീഗിലെ ആദ്യ നാലില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കാതെ വന്നതാണ് കോണ്ടെയ്ക്ക് വിനയായത്. ഇതിനൊപ്പം ചെല്‍സി ക്ലബ് അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കോണ്ടെയുടെ പുറത്താകലിന് വഴിയൊരുക്കി. 

2016 ജൂലൈയിലാണ് കോണ്ടെ ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റത്. ഇറ്റലിയുടെ ദേശീയ ടീം കോച്ചിന്റെ സ്ഥാനം രാജിവച്ചാണ് കോണ്ടെ ഇംഗ്ലണ്ടിലെത്തിയത്. കന്നി സീസണില്‍ തന്നെ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കി ഗംഭീരമായി തന്നെ കോണ്ടെ തുടങ്ങി. ആദ്യ സീസണില്‍ 38ല്‍ 30 മത്സരങ്ങളും ജയിച്ച ചെല്‍സി ചരിത്രക്കുതിപ്പാണ് നടത്തിയത്. മൂന്ന് പ്രതിരോധക്കാരെ വച്ചുള്ള യുവന്റസില്‍ നടപ്പാക്കി വിജയിപ്പിച്ച ശൈലി അതേപോലെ സമര്‍ഥമായി തന്നെ കോണ്ടെ ചെല്‍സിയിലും വിജയിപ്പിച്ചു. പല എതിരാളികളും അതേ ശൈലി ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം സീസണില്‍ കോണ്ടെയ്ക്ക് തിരിച്ചടി നേരിട്ടു. സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയോട് മെസേജിലൂടെ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതും താന്‍ ആവശ്യപ്പെട്ട കളിക്കാരെ ബോര്‍ഡ് നല്‍കിയില്ല എന്ന പ്രസ്താവനയും അദ്ദേഹത്തിന് തിരിച്ചടിയായി. പല താരങ്ങളുമായി അത്ര നല്ല ബന്ധം പുലര്‍ത്താനും പരിശീലകന് സാധിക്കാതെ വന്നതോടെ ഇക്കഴിഞ്ഞ സീസണില്‍ ചെല്‍സിയുടെ സ്ഥാനം അഞ്ചിലൊതുങ്ങി. 

മൗറീസിയോ സരിയെ പരിശീലകനായി നിയമിക്കുന്നതിന് മുന്നോടിയായാണ് ചെല്‍സി കോണ്ടേയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. സരിയെ പരിശീലകനായി നിയമിച്ച കാര്യം താമസിയാതെ തന്നെ ചെല്‍സി പുറത്തുവിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com