dhoni356
dhoni356

10,000 പിന്നിട്ടപ്പോള്‍ അവര്‍ കൂകി, വിക്കറ്റ് വീണപ്പോള്‍ ആഘോഷിച്ചു; ധോനിയെ ലോര്‍ഡ്‌സിലെ കാണികള്‍ നേരിട്ടത്‌

രണ്ടാം ഏകദിനത്തില്‍ 323 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ ധോനി മെല്ലെ കളിച്ചതാണ് കാണികളെ  പ്രകോപിപ്പിച്ചത്

സ്റ്റാന്‍ഡിങ് ഒവേഷന്‍ അവിടെ ഉണ്ടായില്ല. പകരം കൂവലായിരുന്നു, വിക്കറ്റ് വീണപ്പോള്‍ ആഘോഷവും. 10,000 റണ്‍സ് എന്ന നാഴിക കല്ല് മഹേന്ദ്ര സിങ് ധോനി പിന്നിട്ടപ്പോള്‍ ഗ്യാലറികളിലെ കാണികളുടെ പ്രതികരണം ഇങ്ങനെ എല്ലാമായിരുന്നു.

രണ്ടാം ഏകദിനത്തില്‍ 323 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ ധോനി മെല്ലെ കളിച്ചതാണ് കാണികളെ  പ്രകോപിപ്പിച്ചത്. ധോനി ക്രീസില്‍ എത്തുമ്പോള്‍ തന്നെ ഉയര്‍ന്ന റണ്‍റേറ്റായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. 

എന്നാല്‍ 59 ബോളില്‍ 37 റണ്‍സ് എടുത്തായിരുന്നു ധോനിയുടെ കളി. അടിച്ചതാവട്ടെ രണ്ട് ബൗണ്ടറി മാത്രം. 47ാം ഓവറില്‍ ധോനി പുറത്തായപ്പോള്‍ കയ്യടിച്ചായിരുന്നു ഇന്ത്യന്‍ കാണികള്‍ പ്രതികരിച്ചത്. 

കോഹ് ലി പുറത്തായതിന് പിന്നാലെ ധോനി ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ 23 ഓവറില്‍ 183 റണ്‍സ് എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. മറികടക്കേണ്ട റണ്‍റേറ്റ് 8. എന്നാല്‍ അടുത്ത 20 ഓവറില്‍ കളി പാടെ മാറുകയും ഇന്ത്യ 86 റണ്‍സിന് തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. 

ധോനി ക്രീസില്‍ നിന്ന 15 ഓവറിനിടയില്‍ ഒരു ഓവറില്‍ പത്ത് റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യയ്ക്കായില്ല. ജയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചത് പോലെയായിരുന്നു ഇന്ത്യ കളിച്ചതെന്നാണ് ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. 

എന്നാല്‍ ധോനിക്ക് പിന്തുണയുമായി കോഹ് ലിയെത്തി. 160-170 റണ്‍സിന്റെ തോല്‍വിയിലേക്ക് എത്തരുത് എന്ന ടീമിന്റെ തീരുമാനത്തിന് അനുസരിച്ചാണ് ധോനി കളിച്ചതെന്നാണ് കോഹ് ലി പ്രതികരിച്ചത്. അനുഭവ സമ്പത്ത് ഉണ്ടെങ്കിലും ചില സമയത്ത് അത് സഹായകമാകണം എന്നില്ല. 

നിങ്ങള്‍ നിങ്ങളുടേതായ നിഗമനങ്ങളിലേക്ക് എത്തും. പക്ഷേ ടീം അങ്ങിനെ ചെയ്യില്ല. ധോനി കളിച്ച ശൈലിയില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഈ വിമര്‍ശനങ്ങള്‍ വീണ്ടും വീണ്ടും വരുമെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com