ഫ്രാന്‍സിന് പകരം ആഫ്രിക്കയെ ലോക ചാംപ്യന്‍മാരാക്കി; പുലിവാല് പിടിച്ച് ബിഗ് ബി

ട്വിറ്ററില്‍ പോസ്റ്റിട്ട് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് ഇതിഹാസം ബിഗ് ബി അമിതാഭ് ബച്ചന്‍
ഫ്രാന്‍സിന് പകരം ആഫ്രിക്കയെ ലോക ചാംപ്യന്‍മാരാക്കി; പുലിവാല് പിടിച്ച് ബിഗ് ബി

ലോകകപ്പിലെ ഫ്രാന്‍സിന്റെ കിരീട വിജയം വാര്‍ത്തയായപ്പോഴെല്ലാം ടീമിലെ ആഫ്രിക്കന്‍  വംശജരായ താരങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിഭിന്ന സംസ്‌കാരങ്ങളുടെ സ്വത്വമായിരുന്നിട്ടും അവര്‍ ഒറ്റക്കെട്ടായി ഫ്രാന്‍സെന്ന വികാരത്തിനായി പൊരുതിയാണ് ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയത്. ടീമിലെ 23 പേരില്‍ 16  പേരും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വേരുള്ളവര്‍. 

ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി ട്വിറ്ററില്‍ പോസ്റ്റിട്ട് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ്  ഇതിഹാസം ബിഗ് ബി അമിതാഭ് ബച്ചന്‍. റഷ്യന്‍ ലോകകപ്പ് നേരില്‍ കണ്ട ബച്ചന്‍ ട്വിറ്റര്‍ പേജില്‍ മറ്റൊരാളിട്ട ട്വീറ്റിന് മറുപടി പറഞ്ഞാണ്  ഇപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. കുടിയേറ്റക്കാര്‍ ഒരു സംസ്‌കാരത്തെ എത്ര മനോഹരമായി മാറ്റത്തിന് വിധേയമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരാളിട്ട ട്വീറ്റിന് അമിതാഭ് ബച്ചന്റെ മറുപടി ആഫ്രിക്ക 2018ലെ ലോക ചാംപ്യന്‍മാര്‍ എന്നായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് വിധേയനായത്. 

ബിഗ് ബിയെപ്പൊലൊരു വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കരുതായിരുന്നു എന്ന് ഒരാള്‍ കുറിച്ചു. അഭയാര്‍ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് അവരെ സമന്വയിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് വിജയിപ്പിക്കുന്നത് ആ രാജ്യത്തിന് ലഭിക്കുന്ന ബഹുമതിയാണെന്നും ചിലര്‍ കുറിച്ചു. ഫ്രഞ്ച് കായിക പദ്ധതികളും കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ സാന്നിധ്യവുമാണ് ലോകകപ്പ് വിജയം. കറുത്ത വര്‍ഗക്കാരെല്ലാം അഫ്രിക്കക്കാരാണെന്ന പൊതുചിന്ത വച്ചാണ് ബിഗ്  ബി  ഇത്തരത്തിലൊരു പരാമര്‍ശത്തിന് മുതിര്‍ന്നതെന്നും വിമര്‍ശനമുണ്ട്. ആഫ്രിക്ക എന്നാല്‍ രാജ്യമല്ലെന്നും പല രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡമാണെന്നും അപ്പോള്‍ ആഫ്രിക്ക എങ്ങനെ ലോകകപ്പ് സ്വന്തമാക്കുമെന്നുമായിരുന്നു ഒരാളുടെ സംശയം. 

1998ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടക്കം അവരുടെ കിരീട നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ഇതിഹാസ താരം സിനദിന്‍ സിദാനടക്കമുള്ള ടീമിനെ മഴവില്‍ സംഘമെന്നാണ് വിളിച്ചിരുന്നത്. അവരുടെ ഈ പല സംസ്‌കാരങ്ങളുടെ വൈവിധ്യമായിരുന്നു അതിന് കാരണം. അന്ന് സിദാന്‍ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. ഈ വിവിധ സംസ്‌കാരങ്ങളുടെ സങ്കലനാണ് ടീമിന്റെ കരുത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com