ഒളിംപിക് ചാമ്പ്യനെയടക്കം അട്ടിമറിച്ച് ലോക പോരാട്ടത്തില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യയുടെ നീരജ് ചോപ്ര

ഇന്ത്യയുടെ ഭാവി താരമായി വാഴ്ത്തപ്പെടുന്ന ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് സുവര്‍ണ നേട്ടം
ഒളിംപിക് ചാമ്പ്യനെയടക്കം അട്ടിമറിച്ച് ലോക പോരാട്ടത്തില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യയുടെ നീരജ് ചോപ്ര

പാരിസ്: ഇന്ത്യയുടെ ഭാവി താരമായി വാഴ്ത്തപ്പെടുന്ന ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് സുവര്‍ണ നേട്ടം. ഫ്രാന്‍സില്‍ നടക്കുന്ന സോട്ട്‌വില്ലെ അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് പോരാട്ടത്തിലാണ് 2012ലെ ഒളിംപിക് ചാമ്പ്യനെയടക്കം പിന്തള്ളിയുള്ള നീരജിന്റെ പ്രകടനം. 85.17 മീറ്റര്‍ ദൂരേേത്തയ്ക്ക് ജാവലിന്‍ പായിച്ചാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. മോള്‍ഡോവന്‍ താരം ആന്‍ഡ്രിയന്‍ മര്‍ഡറെ 81.48  മീറ്റര്‍ പിന്നിട്ട് വെള്ളിയും ലിത്വാനിയയുടെ എഡിസ് മറ്റുസെവിഷിസ് 79.31 മീറ്റര്‍ താണ്ടി വെങ്കലവും നേടി. 2012ലെ ലണ്ടന്‍ ഒളിപിക്‌സിലെ ജാവലിന്‍ സുവര്‍ ജേതാവ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോന്‍ വാല്‍ക്കോട്ട്  അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 

സീസണില്‍ മിന്നും ഫോമിലാണ് നീരജ്.  ഈ വര്‍ഷം ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 ദൂരം താണ്ടി സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയിരുന്നു. നേരത്തെ ദോഹ ഡയമണ്ട് മീറ്റില്‍ 87.43 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച് നീരജ് ദേശീയ റെക്കോര്‍ഡ് ഭേദിച്ച പ്രകടനവും പുറത്തെടുത്തിരുന്നു. 

2016ല്‍ ജൂനിയര്‍ തലത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചാണ് നീരജ് ശ്രദ്ധേയനായത്. അടുത്ത മാസം ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ലോക പോരാട്ട വേദിയില്‍ സ്വര്‍ണം സ്വന്തമാക്കാനായത് ഇന്ത്യന്‍ താരത്തിന് ആത്മവിശ്വാസമേകുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com