ധോനി കാരണം സമ്മര്‍ദ്ദത്തിലാവുന്നത് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍, വിമര്‍ശനവുമായി ഗംഭീര്‍

രണ്ടാം ഏകദിനത്തിലും മൂന്നാമത്തേതിലും ധോനിയുടെ ഇന്നിങ്‌സില്‍ ഡോട്ട് ബോളുകള്‍ കൂടുതലായിരുന്നു
ധോനി കാരണം സമ്മര്‍ദ്ദത്തിലാവുന്നത് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍, വിമര്‍ശനവുമായി ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിനങ്ങളില്‍ മെല്ലെപ്പോക്ക് ഇന്നിങ്‌സ് കളിച്ച ഇന്ത്യയുടെ മുന്‍ നായകന്‍ ധോനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പ്രതിരോധിച്ച് കളിക്കുന്ന ധോനിയെ വിമര്‍ശിച്ച് മുന്നോട്ടു വരികയാണ്.

ഈ രീതിയില്‍ ധോനി ബാറ്റ് ചെയ്യുന്നത് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദം കൂട്ടുമെന്നാണ് ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം ഏകദിനത്തിലും മൂന്നാമത്തേതിലും ധോനിയുടെ ഇന്നിങ്‌സില്‍ ഡോട്ട് ബോളുകള്‍ കൂടുതലായിരുന്നു. ഇപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സമ്മര്‍ദ്ദം നിറയ്ക്കുന്നതാണ്. 

മധ്യ ഓവറുകളില്‍ ധോനി ഇങ്ങനെ ബുദ്ധിമുട്ടുന്നത് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ഇന്നിങ്‌സിനെ വരിഞ്ഞു മുറുക്കാന്‍ സഹായകമായി. ഇത്രയും ഡോട്ട് ബോളുകള്‍ ധോനിയുടെ ഇന്നിങ്‌സില്‍ വരുന്നത് ഞാന്‍ അടുത്ത വര്‍ഷങ്ങളില്‍ ഒന്നും കണ്ടിരുന്നില്ല. സമയം എടുത്ത് ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം അവസാന പത്ത് ഓവറുകളില്‍ അടിച്ചു കളിക്കുന്ന വ്യക്തിയാണ് ധോനി. എന്നാല്‍ കഴിഞ്ഞ രണ്ട് കളികളിലും അത് കാണാനായില്ലെന്ന് ഗംഭീര്‍ പറയുന്നു. 

രണ്ടാം ഏകദിനത്തില്‍ കോഹ് ലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ ധോനി ക്രീസിലെത്തുമ്പോള്‍ 23 ഓവറില്‍ 183 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവശ്യമായ റണ്‍റേറ്റ് എട്ട്. എന്നാല്‍ ധോനിയുടെ വിക്കറ്റ് വീണപ്പോഴേക്കും ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ട റണ്‍റേറ്റ് അതിന്റെ ഇരട്ടിയായി ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com