പത്ത് വര്‍ഷം മുന്‍പേ ഇവിടെ എത്തിയിരുന്നെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ ഞാനാകുമായിരുന്നു

മുന്‍ സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ പ്രതിഭാ വിലാസത്തെക്കുറിച്ച് ആരാധകര്‍ക്ക് സംശയമൊന്നുമില്ല
പത്ത് വര്‍ഷം മുന്‍പേ ഇവിടെ എത്തിയിരുന്നെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ ഞാനാകുമായിരുന്നു

മുന്‍ സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ പ്രതിഭാ വിലാസത്തെക്കുറിച്ച് ആരാധകര്‍ക്ക് സംശയമൊന്നുമില്ല. ഇബ്രയുടെ സ്വയം പുകഴ്ത്തല്‍ സംസാരങ്ങളും ആരാധകര്‍ക്ക് നല്ല പരിചയം തന്നെ. സ്വീഡന്‍ താരത്തിന് വയസ് 36 ആയി. കരിയറിന്റെ നല്ല സമയം തീരുമ്പോള്‍ പല അന്താരാഷ്ട്ര താരങ്ങളും ചൈനയും ജപ്പാനും അമേരിക്കയുമൊക്കെ തിരഞ്ഞെടുത്ത് ഒന്നോ രണ്ടോ വര്‍ഷം കളിച്ച് വിരമിക്കും. സമാന നീക്കവുമായാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്ലാട്ടന്‍ അമേരിക്കയിലെ മേജര്‍ മേജര്‍ ലീഗ് സോക്കറിന്റെ ഭാഗമായത്. ലീഗില്‍ ലോസ് ആഞ്ജല്‍സ് ഗാലക്‌സി ടീമിനായാണ് ഇബ്രാഹിമോവിച് കളിക്കുന്നത്. ലാ ഗാലക്‌സിയുടെ നാട്ടെതിരാളി ലോസ് ആഞ്ജല്‍സ് എഫ്.സിക്കെതിരായ എല്‍ ട്രാഫിക്കോ പോരാട്ടത്തിലൂടെയാണ് താരം എം.എല്‍.എസില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ഇരട്ട ഗോളുകള്‍ വലയിലാക്കി ടീമിനെ വിജയത്തിലെത്തിച്ച് അമേരിക്കന്‍ കാണികളെ ഇബ്രാഹിമോവിച് കൈയിലെടുക്കുകയും ചെയ്തു. ഇതുവരെ 15 മത്സരങ്ങള്‍ കളിച്ച് ടീമിനായി 12 ഗോളുകള്‍ നേടി താരം മികവില്‍ തുടരുന്നു. 

കളിക്കളത്തിലെ മികവ് അങ്ങനെ തുടരുന്നതിനിടെയില്‍ കഴിഞ്ഞ ദിവസം തന്റെ നാക്കിന്റെ മികവും താരം പുറത്തെടുത്തു. അമേരിക്കയിലെ ഫുട്‌ബോള്‍ സംസ്‌കാരം മാറ്റാന്‍ ഇബ്രാഹിമോവിചിന്റെ വരവിന് സാധിച്ചോയെന്ന് ചോദിച്ചപ്പോള്‍ അതെനിക്കറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഞാനെന്റെ ജോലി ചെയ്യുകയാണ്. അതേസമയം പത്ത് വര്‍ഷം മുന്‍പാണ് ഞാനിവിടെ കളിക്കാനെത്തിയതെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഞാനാകുമായിരുന്നു. ആദ്യ മത്സരത്തിലെ പ്രകടനം കാണാനായി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകര്‍ ഞങ്ങള്‍ക്ക് സ്ലാട്ടനെ വേണമെന്ന് ആവേശപ്പൂര്‍വം വിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇരട്ട ഗോളടിച്ച് ഞാന്‍ എന്നെ അവര്‍ക്ക് നല്‍കുകയായിരുന്നു ആ മത്സരത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com