വെളുത്ത ആരാധകര്‍ പറഞ്ഞു, കറുത്തവന്‍ വേണ്ട; അവസാനിക്കാതെ ഫുട്‌ബോളിലെ വര്‍ണവെറി

വെളുത്ത വര്‍ഗക്കാരായ ആരാധകരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്‌കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്ന് ഒഴിവാക്കി
വെളുത്ത ആരാധകര്‍ പറഞ്ഞു, കറുത്തവന്‍ വേണ്ട; അവസാനിക്കാതെ ഫുട്‌ബോളിലെ വര്‍ണവെറി

ഫുട്‌ബോള്‍ മൈതാനത്തെ വംശീയ വിദ്വേഷത്തിന്റെയും വര്‍ണവെറിയുടേയും വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വെളുത്ത വര്‍ഗക്കാരായ ആരാധകരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് റഷ്യന്‍ ക്ലബ് ടോര്‍പിഡോ മോസ്‌കോ അവരുടെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനെ ടീമില്‍ നിന്ന് ഒഴിവാക്കി. റഷ്യന്‍ പൗരനും ആഫ്രിക്കയിലെ കോംഗോയില്‍ വേരുകളുള്ള താരവുമായ ഇര്‍വിന്‍ ബൊടാകോ യൊബോമയെയാണ് ക്ലബ് ഒഴിവാക്കിയത്. ജൂലൈ 14നാണ് ക്ലബ് താരത്തെ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 19കാരനായ താരത്തെ കറുത്ത നിറത്തിന്റെ പേരില്‍ ഒഴിവാക്കുകയും ചെയ്തു. 

യൊബാമ, ടോര്‍പിഡോയ്ക്കായി ഒരു മത്സരവും കളിക്കില്ലെന്ന് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചു. പത്തൊന്‍പതുകാരനായ താരം ലൊകോമോട്ടീവ് മോസ്‌കോയില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാറില്‍ ടോര്‍പിഡോ ക്ലബിലെത്തിയത്. 

താരം ടീമിലെത്തിയതു മുതല്‍ കടുത്ത പ്രതിഷേധമാണ് ആരാധകര്‍ ഉയര്‍ത്തിയത്. ക്ലബിന്റെ ചിഹ്നങ്ങളില്‍ കറുപ്പുണ്ടെങ്കിലും വെളുത്ത വര്‍ഗക്കാരെ മാത്രമാണ് തങ്ങള്‍ക്കു വേണ്ടതെന്ന് ഒരു ആരാധകന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ സമ്മതമില്ലാതെയും ഇവിടുത്തെ നിയമങ്ങള്‍ പാലിക്കാതെയും എന്തു ചെയ്താലും അതു സ്വീകാര്യമാകുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഞങ്ങളുടെ അവകാശങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അറിയാമെന്നും ഈ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നു കാണാമെന്നും മറ്റൊരാള്‍ കുറിച്ചു. ആരാധകര്‍ പരസ്യമായും ക്ലബിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു.

അതേസമയം താരത്തെ പുറത്താക്കിയത് വര്‍ണവെറിയുടെ പേരിലല്ലെന്ന് ക്ലബ് പറയുന്നു. തൊലിയുടെ നിറം നോക്കിയല്ല താരങ്ങളെ എടുക്കാറുള്ളതെന്ന് ടോര്‍പിഡോ ക്ലബ് അധികൃതര്‍ വ്യക്തമാക്കി. യൊബോമയുടെ നിലവിലുള്ള ക്ലബ്, കൈമാറ്റ ഫീസ് ചോദിച്ചതിനാലാണ് താരത്തെ വേണ്ടെന്ന് വച്ചതെന്നും ക്ലബ് പറയുന്നു. 

ലോകകപ്പിന് ശേഷം ഈ പ്രവണതക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്ന് റഷ്യ സോക്കര്‍ പ്ലയേഴ്‌സ് യൂനിയന്‍ അംഗം അലക്‌സാണ്ടര്‍ സോടോവ് പറഞ്ഞു. എന്നാല്‍ ചില തലതിരിഞ്ഞ ആളുകള്‍ ഇപ്പോഴും ഇത്തരം ചിന്തകളുമായി നടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

മുന്‍പും റഷ്യന്‍ ടീമുകള്‍ വലിയ തോതില്‍ വര്‍ണവെറിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com