സമൂഹ മാധ്യമത്തില്‍ മരുന്നു കഴിക്കുന്ന ചിത്രം; ഒളിമ്പിക് നീന്തല്‍ സുവര്‍ണ താരം റയാന്‍ ലോക്‌റ്റെയ്ക്ക് വിലക്ക്

ചികിത്സക്ക് വേണ്ടിയല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന് 14 മാസത്തേക്കാണ് താരത്തെ വിലക്കിയത്
സമൂഹ മാധ്യമത്തില്‍ മരുന്നു കഴിക്കുന്ന ചിത്രം; ഒളിമ്പിക് നീന്തല്‍ സുവര്‍ണ താരം റയാന്‍ ലോക്‌റ്റെയ്ക്ക് വിലക്ക്

ത്തേജക മരുന്നുപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ നീന്തല്‍ താരം റയാന്‍ ലോക്‌റ്റെക്ക് വിലക്ക്. ചികിത്സക്ക് വേണ്ടിയല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന് 14 മാസത്തേക്കാണ് താരത്തെ വിലക്കിയത്. യു.എസ് ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് നടപടിയെടുത്തത്. 33 കാരനായ ലോക്‌റ്റെക്ക് 2019 ജൂണ്‍ വരെ മത്സരിക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷത്തെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പാകും താരത്തിന് നഷ്ടമാകുന്ന പ്രധാന പോരാട്ടം. അതേസമയം 2020ലെ ടോക്യോ ഒളിമ്പിക്‌സിന് മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോക്‌റ്റെ. 

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രമാണ് ലോക്‌റ്റെയ്ക്ക് വിനയായി മാറിയത്. മരുന്ന് ഉപയോഗിക്കുന്ന ചിത്രം പിന്നീട് നീക്കം ചെയ്‌തെങ്കിലും ഇതിനെ തുടര്‍ന്നാണ് യു.എസ് ഉത്തേജക വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തി 14 മാസത്തെ വിലക്കേര്‍പ്പെടുത്തിയത്. 

ബി കോംപ്ലക്‌സ് വൈറ്റമിനാണ് കുത്തിവെച്ചതെന്ന് ലോക്‌റ്റെ പറയുന്നു. നിയമം നിയമമണെന്നും അത് ഉള്‍ക്കൊള്ളുന്നതായും താരം വ്യക്തമാക്കി. വിലക്കിനെതിരേ ഒന്നും ചെയ്യാനില്ല. മാറ്റ് താരങ്ങള്‍ക്ക് ഇതൊരു പാഠമാകുമെന്ന് പ്രതീക്ഷയുണ്ടൈന്നും ലോക്‌റ്റെ കൂട്ടിച്ചേര്‍ത്തു 

മൈക്കല്‍ ഫെല്‍പ്‌സിന് ശേഷം അമേരിക്കയുടെ പ്രധാന നീന്തല്‍ താരമായി ഉയര്‍ന്നുവന്ന പ്രതിഭയാണ് ലോക്‌റ്റെ. ഒളിമ്പിക്‌സില്‍ ആറ് സ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയിട്ടുള്ള ലോക്‌റ്റെ കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ സ്വര്‍ണം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com