ലൈക്കിനും കമന്റിനുമൊക്കെ കോഹ്‌ലി സമ്പാദിക്കുന്നത് കോടികള്‍; സമ്പന്ന കായിക താരമായ മെയ്‌വെതര്‍ പോലും പിന്നില്‍

സോഷ്യല്‍ മീഡിയയിലൂടെ കോടികള്‍ സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി മുന്നില്‍
ലൈക്കിനും കമന്റിനുമൊക്കെ കോഹ്‌ലി സമ്പാദിക്കുന്നത് കോടികള്‍; സമ്പന്ന കായിക താരമായ മെയ്‌വെതര്‍ പോലും പിന്നില്‍

സോഷ്യല്‍ മീഡിയയിലൂടെ കോടികള്‍ സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി മുന്നില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരവും ഇടിക്കൂട്ടിലെ അതികായനുമായ ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്‌വെതറിനേക്കാള്‍ മുകളിലാണ് ഇക്കാര്യത്തില്‍ കോഹ്‌ലി എന്നുകൂടി അറിയുമ്പോഴാണ് ഈ കണക്കുകള്‍ കണ്ണുതള്ളിക്കുന്നത്. 

സ്‌പോണ്‍സേഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിലാണ് ഇക്കാര്യം വെളിവായത്. ഇന്‍സ്റ്റാഗ്രാം ഷെഡ്യൂളിങ് ടൂള്‍ ആയ ഹോപ്പര്‍ എച്ച്ക്യു ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കുന്നത് ആരെന്നു കണ്ടെത്താനായാണ് അവര്‍ സര്‍വേ നടത്തിയത്. സെലിബ്രിറ്റികളുടെ പേജുകളില്‍ ആളുകള്‍ എത്രസമയം ചെലവഴിക്കുന്നു, പോസ്റ്റുകള്‍ക്ക് എത്രത്തോളം പ്രചാരം കിട്ടുന്നു, എത്ര പേര്‍ പിന്തുടരുന്നു തുടങ്ങിയവയായിരുന്നു സര്‍വേയ്ക്ക് മാനദണ്ഡമാക്കിയത്. 

ഒറ്റ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ കോഹ്‌ലി സമ്പാദിക്കുന്നത് മെയ്‌വെതറിനേക്കാളും കൂടുതല്‍ പണം. ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിക്ക് 23.2 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇന്ത്യന്‍ നായകന്റെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും കിട്ടുന്ന വരുമാനം ഏതാണ്ട് 1,20,000 അമേരിക്കന്‍ ഡോളര്‍ വരും. പട്ടികയില്‍ കോഹ്‌ലി 17ാം സ്ഥാനത്താണ്. ഇന്ത്യയിലെ മറ്റൊരു സെലിബ്രെറ്റിയും ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുകളിലില്ലെന്ന് ചുരുക്കം. മെയ്‌വെതറിന് ഇന്‍സ്റ്റാഗ്രാമില്‍ 20.7 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. വരുമാനമായി ലഭിക്കുന്നത് 1,07,000 ഡോളറും. അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ താരവും മോഡലും വ്യവസായിയുമായ കൈല്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 

സോഷ്യല്‍ മീഡിയ വഴി കാശ് പോക്കറ്റിലാക്കുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പോര്‍ച്ചുഗല്‍ നായകനും അടുത്തിടെ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 136 ദശലക്ഷം ഫോളോവേഴ്‌സുള്ള പോര്‍ച്ചുഗല്‍ ക്യാപ്റ്റന് ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും കിട്ടുന്നത് 7,50,000 ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള നെയ്മറിന് ആറ് ലക്ഷം ഡോളറും മെസിക്ക് അഞ്ച് ലക്ഷം ഡോളറുമാണ് ലഭിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിന് മൂന്ന് ലക്ഷം ഡോളറും ഓരോ പോസ്റ്റിനും ലഭിക്കും. ആഘോഷിക്കപ്പെടുന്ന ക്രിക്കറ്റ് താരമെന്ന പോലെ തന്നെ ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മയെ വിവാഹം കഴിച്ചതും ഇന്ത്യന്‍ നായകന്റെ പരസ്യ മൂല്യം ഉയരാന്‍ കാരണമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com