കഴിഞ്ഞ രാത്രി അമ്മയോട് സംസാരിച്ചു, ഈ നേട്ടത്തിന്റെ വില അറിഞ്ഞത് അപ്പോള്‍ മാത്രം

സ്വപ്‌നമായിരുന്നു ഇന്ത്യക്കായി കളിക്കുക എന്നത്. പക്ഷേ 100 മത്സരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല
കഴിഞ്ഞ രാത്രി അമ്മയോട് സംസാരിച്ചു, ഈ നേട്ടത്തിന്റെ വില അറിഞ്ഞത് അപ്പോള്‍ മാത്രം

സ്വപ്‌നമായിരുന്നു ഇന്ത്യക്കായി കളിക്കുക എന്നത്. പക്ഷേ 100 മത്സരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. നൂറാം മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സുനില്‍ ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു, ഇത് അവിശ്വസനീയമാണ് എന്ന്. 

നിലവിലെ ഫുട്‌ബോള്‍ കളിക്കാരില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ കൂട്ടത്തില്‍ മൂന്നാമതേക്കെത്തി ചരിത്രം തീര്‍ത്തതിന് പിന്നാലെയാണ് സുനില്‍ ഛേത്രി നൂറാം മത്സരത്തിന് ഇറങ്ങുന്നത്. ഛേത്രിക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത് ബൈചുങ് ബൂട്ടിയ മാത്രം. 

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കെനിയക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. ഛേത്രി വ്യക്തിഗത നേട്ടത്തിലേക്കെത്തുന്ന കെനിയയ്‌ക്കെതിരായ കളിയില്‍ ടീമിന് നിര്‍ണായക ജയം നേടിത്തരുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍. ചൈനീസ് തായ്‌പേയ്‌ക്കെതിരെ നേടിയ ട്രിപ്പിളിലൂടെ ഛേത്രി തന്റെ കരുത്ത് കാട്ടിയതോടെ ആ പ്രതീക്ഷ കൂടി. 

പിന്നിടുന്ന നേട്ടങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. എന്നാല്‍ കഴിഞ്ഞ രാത്രി അമ്മയോട് സംസാരിച്ചപ്പോഴാണ് ഈ നിമിഷത്തിന്റെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ടത്. വികാരാധീതയായിട്ടായിരുന്നു അമ്മ സംസാരിച്ചത്. അമ്മയ്ക്കത് എത്രമാത്രം വലുതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ നേട്ടത്തിന്റെ പ്രാധാന്യം എനിക്ക് ബോധ്യപ്പെട്ടതെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. 

ഇന്ത്യക്കായി ആദ്യമായി കുപ്പായമണിഞ്ഞ ആ ദിവസത്തെ കുറിച്ചും ഛേത്രി ഓര്‍ത്തെടുക്കുന്നു. പാക്കിസ്ഥാനിലായിരുന്നു അത്. ഞാനും സയിദ് റഹിം നബിയുമാണ് അന്ന് ടീമിലേക്കെത്തിയ പുതുമുഖങ്ങള്‍. ഗ്രൗണ്ടിലേക്ക് ഞങ്ങളെ ഇറക്കില്ലെന്നായിരുന്നു കരുതിയത്. പക്ഷേ ഞങ്ങള്‍ രണ്ട് പേരേയും കോച്ച് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. അവിടെ ഞാന്‍ ഗോള്‍വല ചലിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ആരാധകരുടെ അടുത്തേക്ക് ഓടിയാണ് ആ ഗോള്‍ ആഘോഷിച്ചതെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com