അത് ധോനിയുടെ തീരുമാനമായിരുന്നില്ല, ലോക കപ്പ് ഫൈനലിലെ സത്യാവസ്ഥ വെളിപ്പെടുത്തി സെവാഗ്

സച്ചിന്‍ ഇത് പറഞ്ഞതിന് പിന്നാലെ കോഹ് ലിയുടെ വിക്കറ്റ് നഷ്ടമായി. അങ്ങിനെ യുവരാജിന്റെ സ്ഥാനത്ത് ധോനി ക്രീസിലേക്ക് ഇറങ്ങുകയായിരുന്നു
അത് ധോനിയുടെ തീരുമാനമായിരുന്നില്ല, ലോക കപ്പ് ഫൈനലിലെ സത്യാവസ്ഥ വെളിപ്പെടുത്തി സെവാഗ്

ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുമുണ്ടാകും. രണ്ട് ലോക കിരീടങ്ങളിലേക്കും ചാമ്പ്യന്‍സ് ട്രോഫിയിലേക്കും ആ റാഞ്ചിക്കാരന്‍ ഇന്ത്യയെ നയിച്ചു. തന്ത്രങ്ങളും, ധൈര്യവും, ഭാഗ്യവും ഒരേപോലെ വന്ന നായകനായിരുന്നു ധോനി. 

ധോനി കളിക്കളത്തില്‍ സ്വീകരിച്ച തന്ത്രം എന്ന പേരില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ ഒന്നായിരുന്നു ലോക കപ്പ് ഫൈനലില്‍ യുവരാജിന് മുന്‍പ് ബാറ്റിങ്ങിനായി ഇറങ്ങി എന്നത്. 2011 ലോക കപ്പില്‍ അതുവരെ പറയത്ത മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ഫൈനല്‍ വരെ ധോനിയില്‍ നിന്നും പിറന്നിരുന്നില്ല. 

പക്ഷേ ഫൈനലില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ധോനി യുവരാജിന് മുന്‍പേ ക്രീസിലേക്കെത്തി. കോച്ചിനെ പോലും ധിക്കരിച്ചായിരുന്നു ധോനിയുടെ ഈ തീരുമാനം എന്നെല്ലാം അന്ന് വാര്‍ത്തകള്‍ വന്നു. ധോനിയുടെ ജീവിതം പറയുന്ന എം.എസ്.ധോനി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലും ബാറ്റിങ് ഓര്‍ഡറില്‍ മുന്‍പേ ഇറങ്ങുവാനുള്ള തീരുമാനം ധോനി സ്വയം സ്വീകരിച്ചതായാണ് പറയുന്നത്. 

എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറയുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ മുന്‍പേ ഇറങ്ങാനുള്ള തന്ത്രം ധോനിക്ക് ഉപദേശിച്ചത് സച്ചിനായിരുന്നു എന്നാണ് സെവാഗിന്റെ വെളിപ്പെടുത്തല്‍. ഗംഭീറും കോഹ് ലിയുമായിരുന്നു ആ സമയം ബാറ്റ് ചെയ്യുന്നത്. വലം കയ്യന്‍ ബാറ്റ്‌സ്മാനാണ് ഔട്ട് ആകുന്നത് എങ്കില്‍ വലംകയ്യന്‍ ബാറ്റ്‌സ്മാനെ ക്രീസില്‍ ഇറക്കണം. ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണ് പുറത്താകുന്നത് എങ്കില്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാനെ തന്നെ പകരം ഇറക്കണം എന്നായിരുന്നു സച്ചിന്‍ നിര്‍ദേശിച്ച തന്ത്രം. 

സച്ചിന്‍ ഇത് പറഞ്ഞതിന് പിന്നാലെ കോഹ് ലിയുടെ വിക്കറ്റ് നഷ്ടമായി. അങ്ങിനെ യുവരാജിന്റെ സ്ഥാനത്ത് ധോനി ക്രീസിലേക്ക് ഇറങ്ങുകയായിരുന്നു. മികച്ച ഫോമിലായിരുന്നിട്ടും യുവി നാലാം സ്ഥാനത്ത് ഇറങ്ങാതിരുന്നതിന്റെ കാരണം അതാണെന്ന് സെവാഗ് പറയുന്നു. 

വാട്ട് ദി ഡക്ക് ചാറ്റ് ഷോയില്‍ സച്ചിനൊപ്പം ഇരുന്നായിരുന്നു സെവാഗിന്റെ വെളിപ്പെടുത്തല്‍. അന്ന് ലോക കപ്പ് ഫൈനലില്‍ ആദ്യമായിട്ടായിരുന്നു സച്ചിന്‍ ധോനിയോട് അത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും സെവാഗ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com