എണ്‍പതൊക്കെ ഒരു പ്രായമാണോ? ലോക കപ്പ് കാണാന്‍ പറക്കും ഈ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍

റഷ്യയില്‍ ലോക കപ്പ് ആരവം ഉയരുമ്പോള്‍ ആ കൂട്ടത്തില്‍ വിന്‍സെന്റുമുണ്ടാകും...എണ്‍പതാം വയസിലും കാല്‍പന്തിന്റെ ലഹരി നുണഞ്ഞ്...
എണ്‍പതൊക്കെ ഒരു പ്രായമാണോ? ലോക കപ്പ് കാണാന്‍ പറക്കും ഈ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍

ഫുട്‌ബോള്‍ ആവേശത്തിലേക്ക് വരുമ്പോള്‍ പ്രായം ഒരു പ്രശ്‌നമാണോ? തെല്ലൊന്ന് ആലോചിക്കുക പോലും ചെയ്യാതെ ഫോര്‍ട്ടുകൊച്ചിക്കാരനായ വിന്‍സെന്റ് ചേട്ടന്‍ പറയും, അല്ലേയല്ലാ എന്ന്...റഷ്യയില്‍ ലോക കപ്പ് ആരവം ഉയരുമ്പോള്‍ ആ കൂട്ടത്തില്‍ വിന്‍സെന്റുമുണ്ടാകും...എണ്‍പതാം വയസിലും കാല്‍പന്തിന്റെ ലഹരി നുണഞ്ഞ്...

പ്രായത്തെ പിന്നില്‍ നിര്‍ത്തി ഇത് ആദ്യമായല്ല സ്‌റ്റെനോഗ്രാഫറായ വിന്‍സെന്റ് ലോക കപ്പ് ആരവം ഉയരുന്ന മണ്ണിലേക്ക് പറക്കുന്നത്. നാല് വര്‍ഷം മുന്‍പ് ബ്രസീലില്‍ ലോകം പോരിനിറങ്ങിയപ്പോഴും വിന്‍സന്റുണ്ടും ഉണ്ടായിരുന്നു അവിടെ. മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ദുബായില്‍, അവിടെ നിന്ന് 17 മണിക്കൂര്‍ പറന്ന് ബ്രസീലിലേക്ക്. 

അന്ന് ബ്രസീല്‍ നല്‍കിയ ആവേശത്തിലാണ് പ്രായത്തെ പിന്നിലേക്ക് മാറ്റി നിര്‍ത്തി റഷ്യയിലേക്കും വിന്‍സെന്റ് പറക്കുന്നത്. 25നാണ് റഷ്യയിലേക്കുള്ള യാത്ര. ദുബായി വഴി റഷ്യയിലെത്തി ഈ ഫുട്‌ബോള്‍ കമ്പക്കാരന്‍ ഫൈനലും കഴിഞ്ഞേ ഇനി റഷ്യയില്‍ നിന്ന് മടങ്ങൂ...

നാട്ടിലെവിടെ കളിയുണ്ടെങ്കിലും വിന്‍സെന്റ് അവിടെ എത്തും. കുട്ടികള്‍ കളിക്കുന്നതാണെങ്കിലും പ്രശ്‌നമില്ല. കളി കണ്ടാല്‍ മതി. കുട്ടിക്കാലം മുതലുള്ള ശീലമതാണ്. പക്ഷേ കളത്തിലിറങ്ങിയുള്ള കളിയില്ല. കളിക്കളത്തിന് പുറത്തിരുന്ന് കളി ആസ്വദിക്കുക. കളി വിശകലനം ചെയ്യുക. ഇതൊക്കെയാണ് ഈ ഫുട്‌ബോള്‍ പ്രേമിയുടെ പ്രകൃതം.

ഏത് രാജ്യത്തിന്റേയും ക്ലബിന്റേയും കളി ആണെലും ടിവിക്ക് മുന്നില്‍ അത് കണ്ട് വിന്‍സെന്റ് ചേട്ടനുണ്ടാകും. 1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോക കപ്പായിരുന്നു ടിവിയില്‍ ആദ്യം കണ്ടത്. പിന്നെ വന്ന എല്ലാ ലോക കപ്പും ടിവിയില്‍ കണ്ടു. ഇപ്പോഴിതാ ബ്രസീലില്‍ നേരിട്ട് പോയി കളി കണ്ടു വന്ന് റഷ്യയിലേക്കും പറക്കുന്നു. 

കൊച്ചി വില്ലിങ്ടന്‍ ഐലന്‍ഡിലെ ലിപ്ടണ്‍ കമ്പനിയില്‍ സ്റ്റെനോഗ്രാഫറായിരുന്നു വിന്‍സെന്റ്. സ്‌കൂള്‍ പഠന കാലത്ത് തന്നെ സ്റ്റെനോഗ്രാഫി പഠിച്ചിരുന്നു. ഇംഗ്ലണ്ടിലെ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ നിന്ന് സ്‌റ്റെനോഗ്രാഫി സര്‍ട്ടിഫിക്കറ്റ് നേടിയതോടെ യൂറോപ്യന്‍ കമ്പനിയായ ലിപ്ടണില്‍ ജോലി കിട്ടി. ജോലി കഴിഞ്ഞ് വിന്‍സെന്റ് നേരെ എത്തുന്നത് പരേഡ് ഗ്രൗണ്ടിലേക്കാണ്. അവിടെ കളിയുണ്ടാകും. 

ലോക കപ്പ് നേരില്‍ കാണാനാകുമെന്ന് സാധാരണക്കാരനായ വിന്‍സെന്റ് വിചാരിച്ചിരുന്നില്ല. മകനായിരുന്നു ആ ആഗ്രഹം സാധിച്ചു കൊടുത്തത്. മക്കളേയും ചെറുപ്പത്തിലെ തന്നെ വിന്‍സെന്റ് ഫു്‌ബോള്‍ മൈതാനങ്ങളിലൂടെ നടത്തിയതിന്റെ പ്രതിഫലം. ദുബായില്‍ ബിസിനസ് ചെയ്യുന്ന മകന്‍ മാത്യുവാണ് ലോക കപ്പ് നേരില്‍ കാണാനുള്ള ഭാഗ്യം വിന്‍സെന്റിന് നേടിക്കൊടുത്തത്. 

അപ്പച്ചന്റെ ഫുട്‌ബോള്‍ ഭ്രാന്ത് അറിയാവുന്ന മാത്യു അഞ്ച് മാസം മുന്‍പ് തന്നെ മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തിരുന്നു. 76ാം വയസിലായിരുന്നു ബ്രസീലില്‍ പ്രായത്തിന്റെ തളര്‍ച്ചകള്‍ തെല്ലുമില്ലാതെ വിന്‍സന്റ് കളി കണ്ടത്. അവിടെ മണിക്കൂറുകളോളം നടന്നാണ് പല ഗ്രൗണ്ടിലും എത്തിയതെന്ന് വിന്‍സെന്റ് ഓര്‍ക്കുന്നു. 

റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കളിയാണ് ആദ്യം കാണുക. ബ്രസീലില്‍ 21 ദിവസം തങ്ങിയാണ് ലോക കപ്പ് കണ്ടത്. റഷ്യയിലും അങ്ങിനെ തന്നെയാകും. ലോക കപ്പ് ഫൈനല്‍ കാണാന്‍ ടിക്കറ്റ് ഇല്ലെങ്കിലും ഫൈനല്‍ കൂടി കഴിഞ്ഞേ മടങ്ങുവെന്ന് വിന്‍സെന്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com