ചവറ് വലിച്ചെറിഞ്ഞ വിവാദം; കോഹ്‌ലിക്കും അനുഷ്‌കയ്ക്കും വക്കീല്‍ നോട്ടീസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd June 2018 08:16 PM |
Last Updated: 23rd June 2018 08:16 PM | A+A A- |

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്ക്കുമെതിരേ വക്കീല്‍ നോട്ടീസ്. കാറില്‍ നിന്ന് ചവറ് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇരുവരേയും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ചവറ് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കാറിലിരുന്ന് അനുഷ്‌ക ശര്‍മ്മ മറുഭാഗത്തെ കാറിലുള്ള നാല് യുവാക്കളെ ശാസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി മാറിയിരുന്നു. സംഭവത്തിന്റെ മറുവശത്തുണ്ടായിരുന്ന അര്‍ഹാന്‍ സിങാണ് ഇപ്പോള്‍ അനുഷ്‌കയ്ക്കും വിരാടിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. പൊതു ഇടങ്ങളില്‍ ചവറ് വലിച്ചെറിയുന്നതിനെതിരേയാണ് അനുഷ്‌ക പ്രതിഷേധിച്ചത്. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ വിരാട് കോഹ്‌ലിയും തന്റെ ട്വിറ്റര്‍ പേജിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.
ഒരു സെല്ലോ ടേപിന്റെ തുണ്ടാണ് തന്റെ മകന്‍ വലിച്ചെറിഞ്ഞതെന്നും അതിനെതിരെ അനുഷ്‌കയുടെ പെരുമാറ്റം അങ്ങേയറ്റം മോശമായിരുന്നുവെന്നും സെലിബ്രിറ്റികള്‍ സംസാരിക്കുന്നതില്‍ മിതത്വം പാലിക്കണമെന്നും അര്‍ഹാന്റെ അമ്മ കഴിഞ്ഞ ദിവസം ആരോപണമുന്നിയിച്ചിരുന്നു. വീഡിയോ വിരാട് കോഹ്‌ലി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു ശേഷം തനിക്കും കുടുംബത്തിനും ഇപ്പോള്‍ ഭീഷണി സന്ദേശങ്ങളുടെ പ്രളയമാണെന്ന് അര്‍ഹാന്‍ പറയുന്നു. വക്കീല്‍ നോട്ടീസയച്ചിട്ടുണ്ടെന്നും ഇരുവരുടേയും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അര്‍ഹാന്‍ വ്യക്തമാക്കി.