പരിശീലക സ്ഥാനത്ത് ഒന്‍പത് ദിവസം പൂര്‍ത്തിയാക്കി; പത്താം ദിവസം മിഹജലോവിച് പുറത്ത്

കേവലം ഒന്‍പത് ദിവസം മാത്രം പരിശീലക സ്ഥാനത്തിരുന്ന് പുറത്താക്കപ്പെട്ട് മുന്‍ യുഗോസ്ലോവിയന്‍ ഇതിഹാസം സിനിസ മിഹജലോവിച്
പരിശീലക സ്ഥാനത്ത് ഒന്‍പത് ദിവസം പൂര്‍ത്തിയാക്കി; പത്താം ദിവസം മിഹജലോവിച് പുറത്ത്

ലിസ്ബന്‍:  കേവലം ഒന്‍പത് ദിവസം മാത്രം പരിശീലക സ്ഥാനത്തിരുന്ന് പുറത്താക്കപ്പെട്ട് മുന്‍ യുഗോസ്ലോവിയന്‍ ഇതിഹാസം സിനിസ മിഹജലോവിച്. മൂന്ന് വര്‍ഷത്തെ കരാറിന് നിയമിച്ച മിഹജലോവിചിനെ ഒഴിവാക്കി പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ടിങ് ലിസ്ബനാണ് അമ്പരപ്പിക്കുന്ന തീരുമാനം എടുത്തത്. ക്ലബിനുള്ളില്‍ രൂപപ്പെട്ട ആഭ്യന്തര കലഹമാണ് നിയമനം ലഭിച്ച് പത്താം ദിവസം കോച്ചിന് പടിയിറങ്ങാനിടയാക്കിയത്. 
കളിക്കാരും ക്ലബ് പ്രസിഡന്റും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്‌പോര്‍ടിങ് കഴിഞ്ഞയാഴ്ചയാണ് മിഹജലോവിച്ചിനെ പരിശീലകനായി എത്തിച്ചത്. 

താരങ്ങളും ക്ലബ് പ്രസിഡന്റ് ബ്രൂണോ ഡി കാര്‍വലോയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നാണ് പ്രതിസന്ധി പൊട്ടിപ്പുറപ്പട്ടത്. ടീമിലെ ആഭ്യന്തര പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പകരം കാര്‍വലോ പുതിയ കോച്ചിനെ നിയമിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ക്ലബിനുള്ളില്‍ നടന്ന യോഗത്തില്‍ കാര്‍വലോ സ്ഥാനമൊഴിയണമെന്ന് ആവശ്യമുയര്‍ന്നു. ക്ലബ് ആരാധകരും ഇതേ ആവശ്യമുന്നയിച്ചതോടെ കഴിഞ്ഞ ഞായാഴ്ച കാര്‍വലോ സ്ഥാനമൊഴിഞ്ഞു. പിന്നാലെ പുതിയ ക്ലബ് പ്രസിഡന്റായി ജോസ് സൗസ സിന്‍ഡ്ര ചുമതലയേറ്റു. പുതിയ മാനേജര്‍ വന്നതോടെ കാര്‍വലോ നടത്തിയ മിഹജലോവിചിന്റെ നിയമനം റദ്ദാക്കുകയായിരുന്നു. അടുത്തയാഴ്ച പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് ജോസ് സൗസ വ്യക്തമാക്കി. 

കഴിഞ്ഞ യൂറോപ്പാ ലീഗ് മത്സരത്തില്‍ സ്‌പോര്‍ടിങ് അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് ക്ലബില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് കളിക്കാര്‍ക്ക് നേരെ ക്ലബ് ആരാധകര്‍ ആക്രമണം നടത്തിയ സംഭവമുണ്ടായിരുന്നു. പ്രസിഡന്റായിരുന്ന കാര്‍വലോയായിരുന്നു ഇതിന് പിന്നിലെന്നാരോപിച്ച് മുതിര്‍ന്ന ഒന്‍പത് താരങ്ങള്‍ ക്ലബുമായി കരാറും റദ്ദാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com