നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് ഹ്യൂം; പൊട്ടിത്തെറികള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കൂടാരം വിടുന്നു

പൊട്ടിത്തെറികള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ മറ്റ് ക്ലബുകള്‍ റാഞ്ചുന്നുവെന്ന റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്
നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്ന് ഹ്യൂം; പൊട്ടിത്തെറികള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കൂടാരം വിടുന്നു

ഐഎസ്എല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ അടഞ്ഞതിന് പിന്നാലെയായിരുന്നു ഡേവിഡ് ജെയിംസിനെതിരെ ബെര്‍ബറ്റോവിന്റെ പരസ്യ വിമര്‍ശനം. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ ബെര്‍ബ പോസ്റ്റ് ചെയ്തതിന് പിന്നാലെ സൂപ്പര്‍ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനുള്ളില്‍ പൊട്ടിത്തെറികള്‍ ശക്തമായി. 

ഈ പൊട്ടിത്തെറികള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ മറ്റ് ക്ലബുകള്‍ റാഞ്ചുന്നുവെന്ന റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐഎസ്എല്ലില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മിലന്‍ സിങ്ങിനെ സൂപ്പര്‍ കപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി ടീമിലെത്തിച്ചത്. 

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ ഭാഗമായിരുന്നു മിലന്‍ സിങ്ങിനെ നാലാം സീസണില്‍ കേരളം സ്വന്തമാക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ജാക്കിചന്ദ് സിങ്ങിനെ എഫ്‌സി ഗോവയും ടീമിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട്  വര്‍ഷത്തെ കരാറാണ് ജാക്കിയുമായി ഗോവ ഒപ്പുവെച്ചിരിക്കുന്നത്. 

ഐഎസ്എല്ലിലെ ആദ്യ ആറിലെത്തി സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടിയതിന് പിന്നാലെ ബെര്‍ബയും ബ്രൗണും കളിക്കാനുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍ ഇരുവരുമായും സംസാരിക്കുമെന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിരുന്നു. പക്ഷേ സീസണ്‍ അവസാനിച്ചു, നാട്ടിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കിയ ബെര്‍ബ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. ബെര്‍ബയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ഡേവിഡ് ജെയിംസുമായുള്ള കരാര്‍ 2021 വരെ നീട്ടിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മറുപടി നല്‍കിയത്.

കളിക്കാരുടെ യോഗ്യതകള്‍ മനസിലാക്കി അവരുടെ ശക്തിക്കൊത്ത് കളിപ്പിക്കണമെന്ന പ്രതികരണവുമായി ബെര്‍ബയുടെ വാദങ്ങള്‍ക്ക് പിന്തുണയുമായി മൈക്കല്‍ ചോപ്രയുമെത്തിയിരുന്നു. ഐഎസ്എല്‍ ആദ്യ സീസണ്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ബെര്‍ബ എന്താണ് പറയുന്നതെന്ന് വ്യക്തമാകുമെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കണം എന്ന പ്രതികരണമായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമില്‍ നിന്നുമുണ്ടായത്. ചില കാര്യങ്ങളില്‍ ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നും ഹ്യം പറയുന്നു.

എന്നാല്‍ തന്ത്രങ്ങളും കളി ശൈലിയുമെല്ലാം  എന്തായാലും ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പ്രതികരണവുമായി ഗ്രഹാം സ്റ്റാക്കും രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com