പിഎസ്ജിയെ തളച്ച് ഗോള്‍ഡന്‍ ബൂട്ടിലേക്ക് ഒന്നൂടെ കാലുറപ്പിച്ച് ക്രിസ്റ്റ്യാനോ

പിഎസ്ജിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം പിടിച്ച് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാര്‍ പുതുജീവന്‍ പിടിച്ചു
പിഎസ്ജിയെ തളച്ച് ഗോള്‍ഡന്‍ ബൂട്ടിലേക്ക് ഒന്നൂടെ കാലുറപ്പിച്ച് ക്രിസ്റ്റ്യാനോ

സീസണില്‍ മോശം തുടക്കത്തിലൂടെ കടന്നു പോയ ക്രിസ്റ്റിയാനോയ്ക്കും സിദാന്റെ സംഘത്തിനും ചാമ്പ്യന്‍സ് ലീഗില്‍ ജീവന്‍ നിലനിര്‍ത്തുക എന്നത് അത്രമേല്‍ അനിവാര്യമായിരുന്നു. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം പിടിച്ച് നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാര്‍ പുതുജീവന്‍ പിടിച്ചു. 

51ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോവിലൂടെയായിരുന്നു റയല്‍ ആദ്യം വലകുലുക്കിയത്. 66ാം മിനിറ്റില്‍ റെഡ് കാര്‍ഡ് വാങ്ങി വെരട്ടി കളിക്കളത്തിന് പുറത്തേക്ക് പോയെങ്കിലും 71ാം മിനിറ്റില്‍ കവാനിയിലൂടെ പിഎസ്ജി മറുപടി നല്‍കി. എന്നാല്‍ കാസിമെറോയിലൂടെ 80ാം മിനിറ്റില്‍ പിറന്ന ഗോളിന് പിന്നെ പിഎസ്ജിക്ക് മറുപടിയുണ്ടായില്ല. 

ബെര്‍നാബ്യൂവില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. പാര്‍ക് ഡെ പ്രിന്‍സസില്‍ നെയ്മറിന്റെ അഭാവത്തില്‍ തിരിച്ചു വരവിന്റെ സൂചന പോലും നല്‍കാന്‍ പിഎസ്ജിക്ക് സാധിച്ചതുമില്ല. 

12 വട്ടം യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയലിന് വേണ്ടി ക്രിസ്റ്റ്യാനോ തന്നെയായിരുന്നു പിഎസ്ജിക്കെതിരായ മത്സരത്തിലും ആക്രമിച്ച് കളിച്ചത്. ബെര്‍നാബ്യൂവില്‍ രണ്ട് ഗോളുകള്‍ കൊണ്ട് പിഎസ്ജിയെ പ്രഹരിച്ചപ്പോള്‍ പാര്‍ക് ഡെ പ്രിന്‍സസിലും ക്രിസ്റ്റ്യാനോ വല കുലുക്കി. ഇതോടെ ചാമ്പ്യന്‍സ് ലീഗ് 2017-18 സീസണിലെ ഗോള്‍ നേട്ടം 12ലേക്ക് എത്തിച്ചു പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍. ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ ഫിര്‍മിനോയേയും ടോട്ടന്‍ഹാമിന്റെ ഹാരി കെനേയും പിന്നിലേക്ക  മാറ്റി നിര്‍ത്തിയാണ് ക്രിസ്റ്റ്യാനോയുടെ പോക്ക്. അത് മാത്രമല്ല, തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യുന്ന കളിക്കാരനെന്ന റെക്കോര്‍ഡില്‍ റൂഡ് വാന്‍ നിസ്റ്റല്‍റൂയ്ക്ക് പിന്നിലുമെത്തി ക്രിസ്റ്റ്യാനോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com