ഐഎസ്എൽ അരങ്ങേറ്റം ​ഗംഭീരമാക്കി ബം​ഗളൂരു ; നായകൻ ചേത്രിയുടെ ഹാട്രിക് മികവിൽ പൂനെയെ വീഴ്ത്തി ഫൈനലിൽ

നായകൻ സുനിൽ ഛേത്രി ഹാട്രിക്കുമായി കളം നിറഞ്ഞ മൽസരത്തിൽ എതിരാളികളായ എഫ്സി പുനെ സിറ്റിയെയാണ് ബം​ഗളൂരു തോൽപ്പിച്ചത്
ഐഎസ്എൽ അരങ്ങേറ്റം ​ഗംഭീരമാക്കി ബം​ഗളൂരു ; നായകൻ ചേത്രിയുടെ ഹാട്രിക് മികവിൽ പൂനെയെ വീഴ്ത്തി ഫൈനലിൽ

ബംഗളൂരു: ഐഎസ്എലിലെ അരങ്ങേറ്റം തന്നെ ആഘോഷമാക്കി ബംഗളൂരു എഫ്സി ഫൈനലിൽ കടന്നു. നായകൻ സുനിൽ ഛേത്രി ഹാട്രിക്കുമായി കളം നിറഞ്ഞ മൽസരത്തിൽ എതിരാളികളായ എഫ്സി പുനെ സിറ്റിയെയാണ് ബം​ഗളൂരു തോൽപ്പിച്ചത്. ഇന്നലെ ഹോം ​ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഒന്നിനെതിരെ മൂന്നു ​ഗോളുകൾക്കായിരുന്നു ബം​ഗളൂരുവിന്റെ വിജയം. പൂനെയുടെ തട്ടകത്തിലെ ആദ്യപാദ സെമിയിൽ ​ഗോൾ രഹിത സമനിലയായിരുന്നു.  രണ്ടുപാദത്തിലുമായി ബംഗളൂരുവിന് 3‐1ന്റെ ആധികാരികജയം.

15 ആം മിനുട്ടിൽ ചേത്രിയുടെ ​ഗോളിലൂടെ ബം​ഗളൂരു ലക്ഷ്യം വ്യക്തമാക്കി. ഉദാന്തയുടെ വേഗവും ഛേത്രിയുടെ മിടുക്കും സമന്വയിച്ചതായിരുന്നു ഗോൾ. പുനെ പ്രതിരോധത്തിലെ സാഹിൽ പൻവാറിനെ കബളിപ്പിച്ച്​ ഉദാന്ത ഗോൾമുഖത്തേക്ക്​ തൊടുത്ത ക്രോസ്​ ഛേത്രി പോസ്​റ്റിന്റെ ഇടതുമൂലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. 

അപ്രതീക്ഷിത ഗോളിൽ ഞെട്ടിയ പുനെ പ്രത്യാക്രമണം ശക്​തമാക്കിയെങ്കിലും നിർഭാഗ്യം വില്ലനായി. മാഴ്​സലീന്യോയുടെയും അൽഫാരോയുടെയും തിരിച്ചടി ശ്രമങ്ങൾ ഗോളിനരികിൽ എത്തിയെങ്കിലും വലകുലുക്കാനായില്ല. 64ാം മിനിറ്റിൽ ഛേത്രിയെ സാർതക്​ വീഴ്​ത്തിയതിന്​ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ബംഗളൂരു നായകൻ ഛേത്രി പൂനെ ഗോളി വിശാലിനെ കബളിപ്പിച്ച്​ പന്ത്​ വലയിലെത്തിച്ചു. 

71ാം മിനിറ്റിലെ സബ്​സ്​റ്റിറ്റ്യൂഷനിലൂടെയെത്തിയ ജോനാഥൻ ലൂക്ക പുനെയ്ക്ക് വേണ്ടി ഒരു ​ഗോൾ മടക്കി. ലൂക്കയുടെ മറ്റൊരു ഫ്രീകിക്ക്​ ബംഗളൂരുവി​ന്റെ ക്രോസ്​ബാറിൽ തട്ടിത്തെറിക്കുകയും ചെയ്​തു. പുനെയുടെ തുടർ ശ്രമങ്ങൾക്കിടെ, 89ാം മിനിറ്റിൽ ഛേത്രി ഒറ്റയാൻ മുന്നേറ്റത്തിലൂടെ ബം​ഗളൂരുവിന്റെ മൂന്നാം ​ഗോളും മൽസരത്തിലെ ഹാട്രികും തികച്ചു. 

പൂനെയുടെ ഫൈനൽ മോഹത്തെ തകർത്ത, ബം​ഗളൂരുവിന്റെ വിജയശിൽപ്പിയായ നായകൻ സുനിൽ ഛേത്രിയാണ്​ കളിയിലെ കേമൻ. ചെ​ന്നൈയിൽ നടക്കുന്ന എഫ്​.സി ഗോവ-ചൈന്നൈയിൻ എഫ്​.സി രണ്ടാംപാദ സെമി വിജയികളാണ് ഫൈനലിൽ ബം​ഗളൂരുവിന്റെ എതിരാളി. ഈ മാസം 17 നാണ് ഐഎസ്എൽ ഫൈനൽ നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com