വിനീതിനെ കൊല്‍ക്കത്ത ലക്ഷ്യം വയ്ക്കുമ്പോള്‍ അനസിനെ തേടി ബ്ലാസ്‌റ്റേഴ്‌സ്; മധ്യ-മുന്നേറ്റ നിരകളില്‍ അഞ്ച് വിദേശ താരങ്ങള്‍?

ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ രണ്ട് വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയിലേക്കാവും വിനീത് ചേക്കേറുക
വിനീതിനെ കൊല്‍ക്കത്ത ലക്ഷ്യം വയ്ക്കുമ്പോള്‍ അനസിനെ തേടി ബ്ലാസ്‌റ്റേഴ്‌സ്; മധ്യ-മുന്നേറ്റ നിരകളില്‍ അഞ്ച് വിദേശ താരങ്ങള്‍?

സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക് പോയതിന് പിന്നാലെ ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയമായ താരങ്ങളില്‍ മുന്നിലുണ്ടായിരുന്നു സി.കെ.വിനീത്. മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍ കപ്പില്‍ ഉള്‍പ്പെടെ കളിക്കുന്നതിനായി വിനീത് ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അതിനിടയില്‍ വിനീതിനായി കൊല്‍ക്കത്ത ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിനീതിനെ ടീമില്‍ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മുതിരില്ലെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. മോശം ഫോമിനെ തുടര്‍ന്ന് മുഹമ്മദ് റാഫിയെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടത് പോലെ വിനീതിനേയും വിട്ടേക്കാം. നിര്‍ണായക മത്സരങ്ങളില്‍ വിനീതിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വിനീതിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചത്. 

ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ രണ്ട് വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയിലേക്കാവും വിനീത് ചേക്കേറുക എന്ന് ഏറെ കുറെ ഉറപ്പിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൂന്നാം സീസണിന്റെ മധ്യത്തില്‍ ബംഗളൂരുവില്‍ നിന്നും ലോണിലായിരുന്നു വിനീത് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്. തുടരെ ഗോളുകള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ വിനീത് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. 

വിനീതിനെ ഒഴിവാക്കി പ്രതിരോധ നിരയില്‍ അനസിനെ എത്തിച്ച് ഉരുക്കു കോട്ട ശക്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിച്ചേക്കും. അനസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ധാരണയിലെത്തുന്നുവെന്നാണ് സൂചന. മുന്നേറ്റ നിരയില്‍ ഗുഡ്യോണിനൊപ്പം അധ്വാനിച്ച് കളിക്കാന്‍ സാധിക്കുന്ന താരത്തെ മാനേജ്‌മെന്റ് കണ്ടെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍.

അനസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരികയും ബ്രൗണ്‍ പോവുകയും ചെയ്താല്‍ പ്രതിരോധ നിരയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ എന്ന കണക്കിലേക്കും, മധ്യ നിരയിലും മുന്നേറ്റ നിരയിലും അഞ്ച് വിദേശ താരങ്ങള്‍ എന്ന നിലയിലേക്കും ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ എത്തിക്കാം. എന്നാല്‍ ഈ സീസണില്‍ പരിക്കിന്റെ പിടിയിലായിരുന്ന അനസില്‍ എത്രമാത്രം നമുക്ക് പ്രതീക്ഷ വയ്ക്കാനാവും എന്നതും സംശയമുണര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com