ഹണിമൂണ്‍ കഴിഞ്ഞു, ഇനിയും ഫോമിലേക്കെത്താത്ത സാഞ്ചസിനെ സഹിക്കാനാവില്ല

സെവില്ലയ്‌ക്കെതിരായ കളിയില്‍ പോഗ്ബ കളിക്കാതിരിക്കുകയും സാഞ്ചസിന് ഫോമിലേക്കെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍, ഫോമില്ലായ്മയ്ക്ക് വേറെ കുറ്റം സാഞ്ചസ് ആരാധകര്‍ കണ്ടെത്തണം
ഹണിമൂണ്‍ കഴിഞ്ഞു, ഇനിയും ഫോമിലേക്കെത്താത്ത സാഞ്ചസിനെ സഹിക്കാനാവില്ല

ആഴ്‌സണലില്‍ നിന്നും പോരുമ്പോഴുള്ള അതേ ഫോമില്ലായ്മയില്‍ തന്നെ തുടരുകയാണ് അലക്‌സിസ് സാഞ്ചസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തിലും. സാഞ്ചസിനെ ടീമിലെത്തിക്കുക വഴി ലക്ഷ്യം വെച്ച മുന്നേറ്റം ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മൗറിഞ്ഞോ വരെ തുറന്നു പറഞ്ഞു കഴിഞ്ഞു. 

സീസണിലെ ഏറ്റവും മോശം ഘട്ടത്തിലാണ് സാഞ്ചസ് ടീമിലേക്ക് എത്തുന്നത്. വിന്റര്‍ സീസണ്‍ മാര്‍ക്കറ്റ് എനിക്ക് തീരെ ഇഷ്ടമല്ലാത്തതും ഇതുകൊണ്ടാണ്. എന്നാല്‍ സാഞ്ചസിനെ ടീമിലെത്തിക്കാനുള്ള അവസരമായിട്ടായിരുന്നു ഞങ്ങള്‍ അതിനെ കണ്ടത്. അടുത്ത സീസണ്‍ സാഞ്ചസിന് ക്ലബില്‍ തിളങ്ങാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നുമായിരുന്നു മൗറിഞ്ഞോ പറഞ്ഞത്. 

എന്നാല്‍ ടീമിലെത്തി നാളുകള്‍ പിന്നിട്ടിട്ടും, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹതാരങ്ങളുമായി ഇഴകി ചേര്‍ന്നു കളിക്കുന്ന തരത്തിലേക്ക് വളരാന്‍ സാഞ്ചസിന് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങള്‍ അടുപ്പിച്ച് ജയിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നേറുകയാണെങ്കില്‍ പോലും അതില്‍ സാഞ്ചസിന്റെ പങ്ക് നാമമാത്രമായി പോലുമില്ല. 

മറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നേറ്റ നിര താരങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത ലെവലിലാണ് സാഞ്ചസ് എന്നായിരുന്നു ഓള്‍ഡ് ട്രഫോഡിലേക്ക് സാഞ്ചസ് എത്തുമ്പോഴുള്ള മൗറിഞ്ഞോയുടെ പ്രതികരണം. വിവിധ ക്ലബുകള്‍ക്ക് വേണ്ടി സാഞ്ചസ് ചാമ്പ്യന്‍ല് ലീഗ് കളിച്ചിട്ടുണ്ട്. എന്നാല്‍ മാഞ്ചസ്റ്ററിലെ താരങ്ങളായ ലുക്കാക്കു, റഷ്‌ഫോര്‍ഡ്, ജെസേ, ലിങ്കാര്‍ഡ്, എന്നിവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ വലിയ അനുഭവമില്ലെന്ന് മൗറിഞ്ഞോ ചൂണ്ടിക്കാണിക്കുന്നു. 

പോഗ്ബയാണ് യുനൈറ്റഡില്‍ സാഞ്ചസിനെ അലോസരപ്പെടുത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രണ്ട് പേരുടേയും ശക്തികേന്ദ്രമായ ഒരേ പൊസിഷന്‍ ഇരുവര്‍ക്കും വേണമെന്നത് സാഞ്ചസിന്റെ കളിയെ ബാധിച്ചിരുന്നതായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ സെവില്ലയ്‌ക്കെതിരായ കളിയില്‍ പോഗ്ബ കളിക്കാതിരിക്കുകയും സാഞ്ചസിന് ഫോമിലേക്കെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍, ഫോമില്ലായ്മയ്ക്ക് വേറെ കുറ്റം സാഞ്ചസ് ആരാധകര്‍ കണ്ടെത്തണം. 

ആറ് മാസം, മാഞ്ചസ്റ്ററിനായി ചാമ്പ്യന്‍സ് ലീഗില്‍ എത്രമാത്രം മികവ് പുലര്‍ത്താന്‍ സാഞ്ചസിനായി എന്നതാണ് ചിലിയന്‍ താരത്തിന്റെ ഭാവിയില്‍ നിര്‍ണായകമാവുക. സെവില്ലയുമായി നടക്കുന്ന മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം സഞ്ചസിന് നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com