ഇനിയെസ്റ്റ ചൈനീസ് സൂപ്പര്‍ കപ്പിലേക്ക്? ഒടുവില്‍ പ്രതികരണവുമായി ബാഴ്‌സ നായകന്‍

ഇനിയെസ്റ്റ ചൈനീസ് സൂപ്പര്‍ കപ്പിലേക്ക്? ഒടുവില്‍ പ്രതികരണവുമായി ബാഴ്‌സ നായകന്‍

400 മത്സരങ്ങളില്‍ ഇതിനോടകം തന്നെ ബാഴ്‌സയ്ക്കായി ഇറങ്ങിയ ഇനിയെസ്റ്റയുമായി ലൈഫ്‌ടൈം കരാറാണ് കാറ്റലോണിയന്‍ ക്ലബ് ഒക്ടോബറില്‍ ഒപ്പുവെച്ചത്

ചൈനീസ് സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് ബാഴ്‌സ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ. ഇക്കാര്യത്തില്‍ ഏപ്രില്‍ അവസാനത്തിനുള്ളില്‍ തീരുമാനം വ്യക്തമാക്കുമെന്നും ഇനിയെസ്റ്റ പറയുന്നു. 

400 മത്സരങ്ങളില്‍ ഇതിനോടകം തന്നെ ബാഴ്‌സയ്ക്കായി ഇറങ്ങിയ ഇനിയെസ്റ്റയുമായി ലൈഫ്‌ടൈം കരാറാണ് കാറ്റലോണിയന്‍ ക്ലബ് ഒക്ടോബറില്‍ ഒപ്പുവെച്ചത്. മറ്റെവിടെയോ ആയിരിക്കാം ഇനിയെന്റെ ഭാവി  എന്നായിരുന്നു എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിക്കെതിരെ ജയം പിടിച്ചതിന് പിന്നാലെ ഇനിയെസ്റ്റയുടെ പ്രതികരണം. 

ബാഴ്‌സയില്‍ തന്നെ തുടരുമോ, ചൈനയിലേക്ക് പോകുമോ എന്ന് ഏപ്രില്‍ 30നുള്ളില്‍ എനിക്ക് തീരുമാനിക്കണം. എനിക്കും ക്ലബിനും എന്താണ് നല്ലതെന്ന് വിലയിരുത്തിയാകും എന്റെ പ്രഖ്യാപനം ഉണ്ടാവുകയെന്നും ഇനിയെസ്റ്റ പറയുന്നു. ടിയാഞ്ചിന്‍ ഖ്വാഞ്ചിയാനുമായി ഇനിയെസ്റ്റയെ ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്തകള്‍ വന്നത്. 

എന്നാല്‍ ഇനിയെസ്റ്റയെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് തള്ളിയിരുന്നു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്ലബ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. 

ക്ലബ് വിട്ടു പോകുന്നത് സംബന്ധിച്ചത് ഇനിയെസ്റ്റയുടെ വ്യക്തിപരമായ കാര്യമാണ്. ഇനിയെസ്റ്റ ഇല്ലാത്ത ബാഴ്‌സയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഇപ്പോള്‍ ഇനിയെസ്റ്റയുള്ള ബാഴ്‌സയാണ് നമ്മുടേത് എന്നായിരുന്നു കോച്ച് വാല്‍വെര്‍ദേയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com