ഇങ്ങനെ ബോള്‍ എറിയരുത്; വീണ്ടും കുരുക്കില്‍പെട്ട സുനില്‍ നരെയ്‌നിന് ഐപിഎല്‍ നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖ്വലന്ദാര്‍സിന് വേണ്ടിയാണ് നരെയ്ന്‍ കളിക്കുന്നത്
ഇങ്ങനെ ബോള്‍ എറിയരുത്; വീണ്ടും കുരുക്കില്‍പെട്ട സുനില്‍ നരെയ്‌നിന് ഐപിഎല്‍ നഷ്ടമായേക്കും

വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ബൗളിങ് ആക്ഷന്റെ പേരില്‍ വീണ്ടും കുരുക്കിലേക്ക്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന നരെയ്‌ന്റെ ബൗളിങ്ങ് ആക്ഷന്‍ നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. 

നിയമ വിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരില്‍ വെസ്റ്റ് ഇന്‍ഡീസ് താരത്തിന് മുന്നറിയിപ്പ് നല്‍കി എങ്കിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ന്നു കളിക്കാന്‍ അനുവദിച്ചു. എന്നാല്‍ അടുത്ത് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ നരെയ്‌നിന് കളിക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖ്വലന്ദാര്‍സിന് വേണ്ടിയാണ് നരെയ്ന്‍ കളിക്കുന്നത്. ഖ്വലന്ദാര്‍സും ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ നരെയ്‌നിന്റെ നിയമ വിരുദ്ധ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. 

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കും. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വയ്ക്കുന്ന ബൗളിങ് ആക്ഷന്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും നരെയ്‌നിന്റെ ഭാവി കളിയെ കുറിച്ച് തീരുമാനമാവുകയുള്ളു. 2015ലെ ലോക കപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്നും ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്‌നിനെ മാറ്റി നിര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com