ഗോകുലം എഫ്‌സിയെ കണ്ടു പഠിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനോട് ആരാധകര്‍; റിസര്‍വ് ടീമിനേയും തിരഞ്ഞെടുക്കുന്നതില്‍ പരാജയമെന്ന് വിമര്‍ശനം

ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്
ഗോകുലം എഫ്‌സിയെ കണ്ടു പഠിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനോട് ആരാധകര്‍; റിസര്‍വ് ടീമിനേയും തിരഞ്ഞെടുക്കുന്നതില്‍ പരാജയമെന്ന് വിമര്‍ശനം

ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ റിസര്‍വ് ടീമിനെ ഇറക്കി കളിക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനും രക്ഷയില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് തുടക്കം തന്നെ പിഴച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. എന്തിനും കൂടെ നില്‍ക്കുന്ന ആരാധക പട പക്ഷേ ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്‌. ഇങ്ങനെയാണേല്‍ ഞങ്ങള്‍ നിങ്ങളെ അങ്ങ് മറക്കും, എന്നിട്ട് ഗോകുലം എഫ്‌സിക്ക് ഒപ്പം കൂടുമെന്ന്. 

നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയ ഗോകുലത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന് നേരെയുള്ള പരിഹാസം. റിസര്‍വ് ടീമിനേയും, മെയിന്‍ താരങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത നിന്നുമുണ്ടാകുന്ന പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്. സി.എസ്.സബിത്തിനെ തളയ്ക്കാന്‍ സഹലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക സാധിച്ചില്ല. 

ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഓസോണ്‍ നാലു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് അടിച്ചു കയറ്റിയത്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കാണികളുടെ  പിന്തുണയുണ്ടായിരുന്നിട്ടും, രണ്ടാം പകുതിയില്‍ അത്ഭുതകരമായ  തിരിച്ചു വരവ് നടത്താനുള്ള ശേഷി ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനുണ്ടായില്ല. എന്നാല്‍ ആദ്യ കളി മാത്രമാണിതെന്ന് ടീമിനും ആരാധകര്‍ക്കും അറിയാം. ടീം ഒത്തിണക്കത്തിലേക്ക് കൂടുതല്‍ കളി കഴിയുന്നതോടെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com