പെനാല്‍റ്റി നല്‍കിയില്ല, ഗോളടിച്ചിട്ടും ഓഫ് സൈഡ് വിളിച്ചു; വീഡിയോ അസിസ്റ്റന്റ് റഫറിയില്ലാതെ ഇനി ഞങ്ങളില്ലെന്ന് ബംഗളൂരു

രണ്ട്  തവണയും ബംഗളൂരുവിനെ ഭാഗ്യം തുണച്ചിരുന്നു എങ്കില്‍ കിരീടം ചിലപ്പോള്‍ ഞങ്ങളിങ്ങ് എടുത്തേനെ എന്നാണ് ബംഗളൂരു ആരാധകരുടെ വാദം
പെനാല്‍റ്റി നല്‍കിയില്ല, ഗോളടിച്ചിട്ടും ഓഫ് സൈഡ് വിളിച്ചു; വീഡിയോ അസിസ്റ്റന്റ് റഫറിയില്ലാതെ ഇനി ഞങ്ങളില്ലെന്ന് ബംഗളൂരു

അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം  ചൂടാമെന്ന ബംഗളൂരുവിന്റെ സ്വപ്‌നമായിരുന്നു ചെന്നൈ എടുത്ത് ദൂരെ കളഞ്ഞത്. ലീഗ് മത്സരങ്ങളില്‍ നേര്‍ക്കു നേര്‍ വന്നപ്പോള്‍ ഇരുവരും ഓരോ വട്ടം വീതം ജയിച്ചു നിന്നിരുന്നു. ലീഗ് മത്സരങ്ങളിലെ ജയങ്ങളുടെ കാര്യത്തില്‍ ബംഗളൂരുവായിരുന്നു മുന്‍പിലെങ്കിലും ഫൈനലില്‍ ജയിച്ചു കയറാന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞില്ല. 

കളിയുടെ നിയന്ത്രണം ഞങ്ങളുടെ കൈകളിലേക്ക് എത്തി നില്‍ക്കുന്നു എന്ന് വിചാരിച്ചിടത്ത് നിന്നുമാണ് ഞങ്ങള്‍ തോറ്റ് തുടങ്ങിയതെന്നായിരുന്നു ബംഗളൂരു കോച്ച് റോകയുടെ പ്രതികരണം. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കിരീടം നഷ്ടമായ ബംഗളൂരുവിന് പക്ഷേ ഭാഗ്യം കൂടെ നില്‍ക്കാത്തതിന്റെ പരാതികളും പറയാനുണ്ട്. അര്‍ഹതപ്പെട്ട പെനാല്‍റ്റി നഷ്ടമായതിനെ കുറിച്ച്, റിഫ്‌ലക്ഷന്‍ ഗോളിന്റെ പോക്കിനെ കുറിച്ചുമെല്ലാം. 

ആദ്യ പകുതിയില്‍ ലീഡ് നേടിയതിന് ശേഷം ആക്രമണങ്ങള്‍അഴിച്ചുവിച്ച് അതിന്റെ ഭംഗിയില്‍ കളിക്കാന്‍ ബംഗളൂരുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബംഗളൂരുവിന് അര്‍ഹതപ്പെട്ട പെനാല്‍റ്റി നല്‍കിയില്ല എന്നതും, ഉദന്ത സിങ്ങിന്റെ ഡിഫ്‌ലക്റ്റഡ് ശ്രമത്തെ തള്ളിയെന്നതും ബംഗളൂരു ആരാധകരെ കിരീട നഷ്ടത്തില്‍ കൂടുതല്‍ നിരാശരാക്കുന്നു. 

ഡിഫ്‌ലക്ഷനിലൂടെ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിയായിരുന്നു ഇവിടെ ബംഗളൂരുവിന് വില്ലനായത്. 2-1 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ ബംഗളൂരുവിനെ സമനില പിടിക്കാനുള്ള അവസരമായിരുന്നു ഇവിടെ തട്ടിത്തെറിക്കപ്പെട്ടത്. 

90ാം മിനിറ്റിലായിരുന്നു ബംഗളൂരുവിന് പെനാല്‍റ്റി ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവം. ബോക്‌സിനുള്ളില്‍ നിഷുവിനെ വീഴ്ത്തി കാല്‍ഡെറോനായിരുന്നു വില്ലനായത്. ഇതില്‍ പെനാല്‍റ്റിക്ക് വേണ്ടി ബംഗളൂരു താരങ്ങളില്‍ നിന്നും മുറവിളി ഉയര്‍ന്നു എങ്കിലും റഫറി ഗൗനിച്ചില്ല. റിപ്ലോകളില്‍ നിഷുവിനെ വീഴ്ത്താന്‍ മനഃപൂര്‍വമുള്ള ശ്രമമല്ല നടന്നതെന്നും വ്യക്തമായിരുന്നു. 

ഈ രണ്ട്  തവണയും ബംഗളൂരുവിനെ ഭാഗ്യം തുണച്ചിരുന്നു എങ്കില്‍ കിരീടം ചിലപ്പോള്‍ ഞങ്ങളിങ്ങ് എടുത്തേനെ എന്നാണ് ബംഗളൂരു ആരാധകരുടെ വാദം.അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് കത്തെഴുതുമെന്ന് ബംഗളൂരു ടീം ഉടമ തന്നെ വ്യക്തമാക്കുന്നുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com