കൊച്ചിയോ കാര്യവട്ടമോയെന്ന് ഇന്നറിയാം; ക്രിക്കറ്റ്-ഫുട്‌ബോള്‍ അസോസിയേഷനുകള്‍ തമ്മില്‍ ചര്‍ച്ച

കലൂരിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ എങ്ങിനെയായിരിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും
കൊച്ചിയോ കാര്യവട്ടമോയെന്ന് ഇന്നറിയാം; ക്രിക്കറ്റ്-ഫുട്‌ബോള്‍ അസോസിയേഷനുകള്‍ തമ്മില്‍ ചര്‍ച്ച

തിരുവനന്തപുരം: ഫിഫ അംഗീകൃത ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിച്ച് കലൂര്‍ സ്റ്റേഡിയത്തെ ക്രിക്കറ്റ് മത്സരത്തിന് വേദിയാക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ തുടരവെ, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ വേദി ഏതെന്ന് ഇന്നറിയാം. വേദിയുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കങ്ങളില്‍ പരിഹാരം തേടി കൊച്ചിയില്‍ ഇന്ന് ചര്‍ച്ച നടക്കും. 

ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും ചര്‍ച്ച. കലൂരിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ എങ്ങിനെയായിരിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. 

അതിനിടെ നാളെ മത്സരം നടത്തണം എന്ന് പറഞ്ഞാലും കാര്യവട്ടം തയ്യാറാണെന്ന് സിഇഒ അജയ് പത്മനാഭന്‍. രാജ്യാന്തര മത്സരം നാളെ നടത്താന്‍ പറഞ്ഞാല്‍ അതിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് തയ്യാറാണ്. കളിക്ക് വേണ്ടി സൗകര്യം ഒരുക്കാന്‍ ഒരു രൂപ പോലും വേണ്ട. പരിശീലന പിച്ചുകള്‍ ഉള്‍പ്പെടെ അഞ്ച് പിച്ചുകള്‍ തയ്യാറാണെന്നും അജയ് പത്മനാഭന്‍ വ്യക്തമാക്കി. 

ഫുട്‌ബോള്‍, ക്രിക്കറ്റ് പ്രേമികളെ ഒരേപോലെ തൃപ്തിപ്പെടുത്തി തീരുമാനമെടുക്കണം എന്നായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രതികരണം. കലൂര്‍ ഫുട്‌ബോളും കാര്യവട്ടത്ത് ക്രിക്കറ്റ് നടക്കട്ടേയെന്ന വാദത്തിന് ശക്തി ഉയരുന്നുണ്ടെങ്കിലും കെസിഎ നിലപാട് മാറ്റുമോയെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ മത്സരം കാര്യവട്ടത്തേക്ക് മാറ്റട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി എ.സി.മൊയ്തീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com