വാര്‍ണറും നായക സ്ഥാനം ഒഴിഞ്ഞു; പകരക്കാരനെ തേടി സണ്‍റൈസേഴ്‌സ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th March 2018 12:13 PM  |  

Last Updated: 28th March 2018 12:13 PM  |   A+A-   |  

David_Warner_3

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനത്ത് നിന്നും പിന്മാറി ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വാര്‍ണര്‍ രാജി വെച്ചിരിക്കുന്നത്. 

നേരത്തെ, രാജസ്ഥാന്‍ റോയല്‍സിന്റെ നായക പദവിയില്‍ നിന്ന് സ്മിത്തും പിന്മാറിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഓസീസ് ടീമിന്റെ നായക, ഉപനായക പദവിയും ഇരുവര്‍ക്കും നഷ്ടമായിരുന്നു. 

വാര്‍ണര്‍ രാജിവെച്ചതോടെ സണ്‍റൈസേഴ്‌സിനെ ആര് നയിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. ശിഖര്‍ ധവാന്‍ പതിനൊന്നാം സീസണില്‍ ഹൈദരാബാദിനെ നയിച്ചേക്കുമെന്നാണ് സൂചന. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്ന അന്വേഷണത്തിന് ഒടുവില്‍ സ്മിത്തിനും, വാര്‍ണര്‍ക്കും, ബന്‍ക്രോഫ്റ്റിനും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെ വന്നാല്‍ ഐപിഎല്ലില്‍ കളിക്കാനുള്ള ഇവരുടെ സാധ്യതകള്‍ ഇല്ലാതെയാവും. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം അറിഞ്ഞതിന് ശേഷം വാര്‍ണറുടെ കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് സണ്‍റൈസേഴ്‌സിന്റെ മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.