സ്മിത്തിനും, വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്; ബന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ താരങ്ങള്‍ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്
സ്മിത്തിനും, വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്; ബന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ സ്മിത്തിനും, ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്. ഇരുവരേയും 12 മാസത്തേക്ക് മത്സരങ്ങളില്‍ നിന്നും വിലക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

നായക, ഉപനായക സ്ഥാനങ്ങളില്‍ നിന്നും ഇരുവരും നേരത്തെ രാജിവെച്ചിരുന്നു. ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കാണ് കളിക്കളത്തില്‍ നിന്നും വിലക്കിയിരിക്കുന്നത്. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ താരങ്ങള്‍ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. 

സ്മിത്തിനും വാര്‍ണര്‍ക്കും രണ്ട് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയുടെ നായക സ്ഥാനത്തേക്ക് എത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 ലോക കപ്പ്, ആഷസ് പരമ്പര എന്നിവയുടെ സമയമാകുമ്പോഴേക്കും വാര്‍ണര്‍ക്കും സ്മിത്തിനും ടീമിലേക്ക് തിരികെയെത്താനാവും. പന്തില്‍ കൃത്രിമം നടത്താനുള്ള പദ്ധതിയെ കുറിച്ച് ഓസീസ് ടീമില്‍ സ്മിത്തിനും വാര്‍ണര്‍ക്കും, ബെന്‍ക്രോഫ്റ്റിനും മാത്രമേ അറിവുണ്ടായിരുന്നുള്ളു എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് ജെയിംസ് സതര്‍ലാന്‍ഡ് വ്യക്തമാക്കി. സ്മിത്തും വാര്‍ണറും ബന്‍ക്രോഫ്റ്റും നാട്ടിലേക്ക് തിരിക്കുമ്പോള്‍, റെന്‍ഷോ, ജോയ് ബണ്‍സ്, മാക്‌സവെല്‍ എന്നിവരെ പകരക്കാരിയി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്മിത്തിന് ഒരു മത്സരത്തില്‍ നിന്നും വിലക്ക് മാത്രമായിരുന്നു ഐസിസി വിധിച്ചത്. മാച്ച് ഫീ മുഴുവന്‍ പിഴയായും ഐസിസി വിധിച്ചിരുന്നു. ബന്‍ക്രോഫ്റ്റിനാവട്ടെ മാച്ച് ഫീയുടെ 75 ശതമാനം പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു ഐസിസി. 

രാജ്യത്തെ നാണം കെടുത്തിയ സ്മിത്തിനും മറ്റ് താരങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com