ഓസ്‌ട്രേലിയ തകര്‍ത്തിടത്ത് നിന്നും തിരിച്ചുവന്ന് ഹര്‍മന്‍പ്രീതും സംഘവും; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു

സ്മൃതിക്ക് പിന്തുണ നല്‍കി ഹര്‍മന്‍പ്രീത് നിലയുറപ്പിച്ചതോടെ വലിയ അപകടങ്ങളിലേക്ക് വീഴാതെ ഇന്ത്യന്‍ സംഘം ജയം പിടിച്ചു
ഓസ്‌ട്രേലിയ തകര്‍ത്തിടത്ത് നിന്നും തിരിച്ചുവന്ന് ഹര്‍മന്‍പ്രീതും സംഘവും; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു

ത്രിരാഷ്ട്ര ട്വിന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാന്‍ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയം നേടി ഹര്‍മന്‍പ്രീതും സംഘവും. അച്ചടക്കത്തോടെയുള്ള ബൗളിങ്ങും, സ്മൃതിയുടെ അര്‍ധ ശതകവുമായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 18.5 ഓവറില്‍ ഇന്ത്യ ചുരുട്ടിക്കെട്ടി. അനൂജ പട്ടിലിന്റേയും പൂനം യാദവിന്റേയുമെല്ലാം മികച്ച പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ ചുരുങ്ങിയ സ്‌കോറില്‍ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ആറ് ബൗളര്‍മാരെ ഹര്‍മന്‍പ്രീത് പരീക്ഷിച്ചപ്പോള്‍ ജുലന്‍ ഗോസ്വാമിക്ക് മാത്രമാണ് വിക്കറ്റ് നേടാനാവാതെ പോയത്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചു. ആറ് റണ്‍സെടുത്ത് നില്‍ക്കവെ മിതാലി രാജിനെ തുടക്കത്തിലെ നഷ്ടമായത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ 62 പന്തില്‍ പുറത്താവാതെ നിന്ന് സ്മൃതി ഇന്ത്യയെ അനായാസ ജയത്തിലേക്ക് എത്തിച്ചു. 

41 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. മിതാലിക്ക് പിന്നാലെ വന്ന ജെമിമ റോഡ്രിഗ്‌സിനേയും നിലയുറപ്പിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ സ്മൃതിക്ക് പിന്തുണ നല്‍കി ഹര്‍മന്‍പ്രീത് നിലയുറപ്പിച്ചതോടെ വലിയ അപകടങ്ങളിലേക്ക് വീഴാതെ ഇന്ത്യന്‍ സംഘം ജയം പിടിച്ചു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ഫൈനല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com