സലയെ വില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി മോഞ്ചി; ഞാന്‍ അന്ധനായത് കൊണ്ടല്ല സലയെ വിട്ടത് 

റോമ കളിക്കാരെ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റാണെന്ന് പരിഹാസം ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് റോമ തലവന്‍ മോഞ്ചി
സലയെ വില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി മോഞ്ചി; ഞാന്‍ അന്ധനായത് കൊണ്ടല്ല സലയെ വിട്ടത് 

ആന്‍ഫീല്‍ഡിലേക്ക് എത്തിയതിന് ശേഷം ആര്‍ക്കും പിടികൊടുക്കാതെ കുതിക്കുകയാണ് ഈജിപ്ത്യന്‍ കിങ് സല. സീസണില്‍ ഇതുവരെ 40 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 36 ഗോളുകളാണ് സലയുടെ ബൂട്ടില്‍ നിന്നും പിറന്നത്. നെയ്മറിന് ശേഷം ഫുട്‌ബോള്‍ ലോകത്തെ കുലുക്കുന്ന ട്രാന്‍സ്ഫറായിരിക്കും സലയുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ സാഹചര്യത്തിലാണ് സലയെ ലിവര്‍പൂളിന് വില്‍ക്കാനുള്ള റോമയുടെ തീരുമാനത്തില്‍ അതിശയം പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ സീസണില്‍ സിരി എയില്‍ റോമയ്ക്ക് വേണ്ടി 15 ഗോളുകള്‍ നേടി സല മുന്നോട്ടു പോകുമ്പോഴായിരുന്നു ലിവര്‍ഫപൂളിന് ഈ മുന്നേറ്റ നിരത്താരത്തെ റോമ വിട്ടുകൊടുക്കുന്നത്. 

എന്നാല്‍ റോമ കളിക്കാരെ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റാണെന്ന് പരിഹാസം ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് റോമ തലവന്‍ മോഞ്ചി. 42 മില്യണ്‍ യൂറോയ്ക്കായിരുന്നു മോഞ്ചി സലയെ ലിവര്‍പൂളിന് നല്‍കിയത്. 

സലയുടെ ട്രാന്‍സ്ഫറുമായി  ബന്ധപ്പെട്ട് മനസിലാക്കേണ്ട രണ്ട് കാരണങ്ങളുണ്ട്. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ ലോകത്തെ ഇളക്കി മറിക്കുന്നതിന് മുന്‍പായിരുന്നു സലയെ ലിവര്‍പൂളിന് നല്‍കുന്നത്. ജൂണ്‍ 30ന് മുന്‍പ് സലയെ ടീമില്‍ നിന്നും ഒഴിവാക്കി ട്രാന്‍സ്ഫര്‍ ഷീറ്റ് ബാലന്‍സ് ചെയ്യേണ്ട ബാധ്യതയും ഞങ്ങള്‍ക്കുണ്ടായിരുന്നു. ഈ രണ്ട്  സാഹചര്യവും വിലയിരുത്താതിരുന്നാല്‍ ഞാന്‍ അന്ധനായിരുന്നുവോ എന്ന് നിങ്ങള്‍ക്ക് തോന്നും.

യുവേഫയില്‍ നിന്നും സാമ്പത്തിക പിഴ ലഭിക്കാതിരിക്കാന്‍ ട്രാന്‍സ്ഫര്‍ ബുക്ക് ബാലന്‍സ് ചെയ്യണം എങ്കില്‍ സലയെ വില്‍ക്കുക അനിവാര്യമായിരുന്നു എന്ന് റോഞ്ചി പറയുന്നു. കഴുത്തിന് കത്തി വെച്ച് ചെയ്യുന്നത് പോലെയുള്ള അവസ്ഥയായിരുന്നു ഇത്. ഈ രണ്ട് സാഹചര്യത്തില്‍ നിന്നുകൊണ്ട് സലയുടെ വില്‍പ്പന ഭംഗിയായി ഞങ്ങള്‍ നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും മോഞ്ചി പറയുന്നു. 

162 മില്യണ്‍ യൂറോയാണ് സലയുടെ ഇപ്പോഴത്തെ വില്‍പ്പന മൂല്യമായി കണക്കാക്കുന്നത്. റോമയില്‍ നിന്നും പോന്നതിന് ശേഷം  അവിശ്വസനീയമായ ഫോമിലാണ് സലയുടെ പോക്ക്. നെയ്മറിനും, എംബാപ്പെയ്ക്കും, കുട്ടിഞ്ഞോയ്ക്കും ലഭിച്ച മൂല്യം അനുസരിച്ച് സലയും അതിനര്‍ഹനാണ്. ചെല്‍സിയില്‍ ആയിരുന്നപ്പോള്‍ നന്നായി കളിക്കാന്‍ സാധിക്കാതിരുന്ന ലീഗിലേക്ക് തിരിച്ചെത്തി ഒന്നാമതേക്ക് കുതിക്കുകയാണ് സല ഇപ്പോള്‍. സലയുടെ ശൈലിക്ക് ചേര്‍ന്ന് നില്‍ക്കുന്നു ലിവര്‍പൂള്‍. കോച്ചും, സഹതാരങ്ങളും അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നും മോഞ്ചി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com