എന്നെ ടീമില്‍ നിലനിര്‍ത്തും എന്ന് ബാംഗ്ലൂര്‍ പറഞ്ഞിരുന്നു, എന്നാല്‍ പിന്നെ അവര്‍ വിളിച്ചിട്ടേ ഇല്ല; ഗെയില്‍ പറയുന്നു

ഒരു ടീമും എന്നെ സ്വന്തമാക്കാന്‍ തയ്യാറാകാതിരുന്നത് അത്ഭുതപ്പെടുത്തിയിരുന്നു എന്നാണ് ഗെയില്‍ പറയുന്നത്
എന്നെ ടീമില്‍ നിലനിര്‍ത്തും എന്ന് ബാംഗ്ലൂര്‍ പറഞ്ഞിരുന്നു, എന്നാല്‍ പിന്നെ അവര്‍ വിളിച്ചിട്ടേ ഇല്ല; ഗെയില്‍ പറയുന്നു

2018ലെ ഐപിഎല്‍ സീസണില്‍ രണ്ട് തവണ ലേലത്തില്‍ എത്തിയിട്ടും കൂറ്റനടി വീരന്‍ ക്രിസ് ഗെയിലിനെ സ്വന്തമാക്കാന്‍ ടീമുകള്‍ ഒന്നും തന്നെ മുന്നോട്ടു വന്നിരുന്നില്ല. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍ത്തു കളിച്ചിട്ടും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഗെയിലില്‍ ആകൃഷ്ടനായില്ല. ഒടുവില്‍ പഞ്ചാബ് ടീം ഗെയിലിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ടീമിലെടുക്കുകയായിരുന്നു. 

തന്നെ ടീമിലെടുക്കാന്‍ മുതിരാതിരുന്ന ഫ്രാഞ്ചൈസികള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി കൊണ്ടേയിരിക്കുകയാണ് ഗെയില്‍ ഇപ്പോള്‍. എന്നാല്‍ ഒരു ടീമും എന്നെ സ്വന്തമാക്കാന്‍ തയ്യാറാകാതിരുന്നത് അത്ഭുതപ്പെടുത്തിയിരുന്നു എന്നാണ് ഗെയില്‍ പറയുന്നത്. ലേലത്തിന് മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നെ വിളിച്ചിരുന്നു. എന്നെ ടീമില്‍ നിലനിര്‍ത്തും എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നെ അവര്‍ എന്നെ വിളിച്ചിട്ടില്ലെന്നും ഗെയില്‍ പറയുന്നു. 

എന്നെ വേണ്ടാത്തത് കൊണ്ടാണ് അവര്‍ പിന്നെ ഞാനുമായി ബന്ധപ്പെടാതിരുന്നത്. അതില്‍ എനിക്ക് പ്രശ്‌നമില്ല. ആരോടും യുദ്ധം ചെയ്യാന്‍ ഞാന്‍ ഇല്ല. കരീബിയന്‍ പ്രീമിയര്‍ ലീഗിലും, ബംഗ്ലാദേഷ് പ്രീമിയര്‍ ലീഗിലും ഞാന്‍ നന്നായി ബാറ്റ് ചെയ്തു. രണ്ട് സെഞ്ചുറി നേടി. കണക്കുകള്‍ കള്ളം പറയില്ല. 21 സെഞ്ചുറികള്‍. ഏറ്റവും കൂടുതല്‍ സിക്‌സുകള്‍. അതൊന്നും ക്രിസ് ഗെയില്‍ എന്ന ബ്രാന്‍ഡിന്റെ മികവിനെ കാണിക്കുന്നില്ല എങ്കില്‍ പിന്നെ എന്താണ് കാണിക്കുന്നതെന്നും ഗെയില്‍ ചോദിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെയിലിന്റെ പ്രതികരണം. 

ഐപിഎല്‍ ലേലത്തില്‍ എന്നെ ആരും സ്വന്തമാക്കാതിരുന്നപ്പോള്‍ ക്രിക്കറ്റിന് അപ്പുറത്ത് ഒരു ലോകമുണ്ടെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതത്തിലെ ഒരു പ്രായത്തില്‍ ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ ക്രിക്കറ്റില്‍ നിന്നും നമ്മള്‍ മാറി നില്‍ക്കും. ഐപിഎല്ലിലേക്ക് തിരിച്ചു വരുമ്പോള്‍ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് തെറ്റി എന്ന് തെളിയിക്കാനൊന്നും ഞാന്‍ മുതിരുന്നില്ല. എന്റെ ബാറ്റുകളാണ് അവര്‍ക്കുള്ള മറുപടി നല്‍കുന്നതെന്നും ഗെയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com