ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാകും, ബിസിസിഐ പ്രസിഡന്റും!

ആ നേതൃപാഠവത്തെ മുന്നില്‍ നിര്‍ത്തി ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്
ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാകും, ബിസിസിഐ പ്രസിഡന്റും!

നായക സ്ഥാനത്തിരിക്കെ ഗാംഗുലി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി വളര്‍ത്തി കൊണ്ടുവന്നവരായിരുന്നു യുവരാജും, സെവാഗും കൈഫുമെല്ലാം. അവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായി വളരുകയും ചെയ്തു. ഗാംഗുലിയുടെ നേതൃപാഠവത്തെ ഇവരേക്കാള്‍ നന്നായി മനസിലാക്കിയവരും ഉണ്ടാകില്ല. 

ആ നേതൃപാഠവത്തെ മുന്നില്‍ നിര്‍ത്തി ഒരു പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. ദാദ ബിസിസിഐയുടെ പ്രസിഡന്റാകും എന്നാണ് സെവാഗ് പറയുന്നത്. അവിടം കൊണ്ടും തീര്‍ന്നില്ല, ഒരു നാള്‍ ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാവുകയും ചെയ്യും എന്നാണ് സെവാഗിന്റെ പ്രവചനം.

ബിസിസിഐയുടെ നേതൃസ്ഥാനത്തേക്ക് ഗാംഗുലി എത്തുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സെവാഗിന്റെ മറുപടി. ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയായി എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. അതിന് മുന്‍പ് ബിസിസിഐ പ്രസിഡന്റായി എത്തും എന്ന് സെവാഗ് പറയുന്നു. എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന ഗാംഗുലിയുടെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു സെവാഗിന്റെ വാക്കുകള്‍.

ഗാംഗുലി നായകനായിരുന്ന നാളുകളെ കുറിച്ചും യുവിയും സെവാഗും പറയുന്നു. കളിക്ക് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സിന് പോകുന്നതിന് മുന്‍പ് ദാദ ബാഗ് പാക്ക് ചെയ്യുന്നതിനായി ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് സെവാഗും യുവിയും പറയുന്നു. എന്നാല്‍ അതിന് പിന്നില്‍ യുവിയുടെ മറ്റൊരു കളിയുണ്ട് എന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. 

കളിക്ക് ശേഷം യുവിക്ക് നൈറ്റ് ഔട്ട് പരിപാടികള്‍ ഉണ്ടാകും. ഞാന്‍ പ്രസ് കോണ്‍ഫറന്‍സിന് പോകാന്‍ വൈകിയാല്‍ അവരും വൈകും. അതുകൊണ്ടാണ് അവര്‍ നേരത്തെ എത്തി എന്റെ ബാഗ് പാക്ക് ചെയ്ത് വെക്കുന്നത്. 

തങ്ങളെ എങ്ങിനെയെല്ലാം ഗാംഗുലി പിന്തുണച്ചിരുന്നു എന്നതിനെ കുറിച്ചും ഇരുവരും പറയുന്നു. ഞാന്‍ ടീമിലേക്ക് എത്തിയപ്പോള്‍, ഒരുപാട് നാളുകള്‍ക്ക ശേഷം നമുക്കൊരു നല്ല ഫീല്‍ഡറെ കിട്ടിയിരിക്കുന്നു എന്നാണ് ദാദ പറഞ്ഞത്. ചില ഇന്നിങ്‌സുകളില്‍ പരാജയപ്പെട്ടുവെങ്കിലും എന്റെ കഴിവില്‍ ദാദയ്ക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നുവെന്നും യുവി ഓര്‍ത്തെടുക്കുന്നു. 

2001ല്‍ വീരുവിനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തരുത് എന്നായിരുന്നു സെലക്ടര്‍ തന്നോട് പറഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ വീരു ശക്തനല്ല എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഞാന്‍ സെവാഗിനെ കൂടെ കൂട്ടി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയാണ് സെവാഗ് തന്റെ വിശ്വാസം കാത്തതെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com