എന്റെ ഭാര്യ ഇവിടെയുണ്ട്, അവളുടെ പിറന്നാളാണ്: ഇതിലും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

മത്സരശേഷം വിഐപി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കി ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.
എന്റെ ഭാര്യ ഇവിടെയുണ്ട്, അവളുടെ പിറന്നാളാണ്: ഇതിലും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

ബോളിവുഡും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും. ഇന്നലെ അനുഷ്‌കയുടെ ജന്‍മദിനമായിരുന്നു. രാവിലെത്തന്നെ തന്റെ പ്രിയ പാതിക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്‍മദിനാശംസകള്‍ നേര്‍ന്ന കോഹ്‌ലി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ഇറങ്ങുകയായിരുന്നു. പക്ഷേ അവിടെ വെച്ച് താരം ഏറ്റവും മികച്ചൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. 

മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് വിരാട് കോഹ്‌ലി ആ സമ്മാനം തന്റെ പ്രിയ പത്‌നിക്ക് നല്‍കുകയും ചെയ്തു. മത്സരം മുംബൈക്ക് അനുകൂലമാക്കി മാറ്റിയത് വിരാട് കോഹ്‌ലിയെടുത്ത ഒരു ക്യാച്ചായിരുന്നു. അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഹാര്‍ദികിനെ അവസാന ഓവറിലെ ആദ്യ പന്തില്‍ കോഹ്‌ലി ക്യാച്ചെടുത്ത് പുറത്താക്കി. 

ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഓടിവന്ന കോലി മുന്നോട്ട് ചാടി പന്ത് പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ മുംബൈയുടെ വിജയപ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും 28 റണ്‍സ് എടുത്ത് മൂന്നു വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 

മത്സരശേഷം വിഐപി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കി ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് കൈയടിച്ച് പുഞ്ചിരിച്ചുകൊണ്ടാണ് അനുഷ്‌ക ഈ സമ്മാനം ഏറ്റുവാങ്ങിയത്. 

'എന്റെ ഭാര്യ ഇവിടെയുണ്ട്. ഇന്നവളുടെ പിറന്നാളാണ്. ഈ വിജയം അവള്‍ക്കുള്ള എന്റെ പിറന്നാള്‍ സമ്മാനമാണ്. ഗാലറിയിലിരുന്ന് ഈ വിജയം അവള്‍ ആസ്വദിക്കുന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്, അവളുടെ മുന്നില്‍വെച്ച് രണ്ട് പോയിന്റ് നേടിയതും'- പ്രസന്റേഷന്‍ പാര്‍ട്ടിക്കിടെ കോലി ഭാര്യയോടുള്ള സ്‌നേഹം പങ്കുവെച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com