സഞ്ജുവിനേയും ഋഷഭ് പന്തിനേയും പിന്നിലേക്ക് മാറ്റി; 2019 ലോക കപ്പ് മുന്നില്‍ വെച്ച് ആധിപത്യം ഉറപ്പിച്ച് ധോനി 

സീസണിലെ കൂറ്റന്‍ സിക്‌സ് അടിച്ചും തന്റെ പ്രായത്തെ വിമര്‍ശിച്ചവര്‍ക്ക് ധോനി മറുപടി നല്‍കുന്നു
സഞ്ജുവിനേയും ഋഷഭ് പന്തിനേയും പിന്നിലേക്ക് മാറ്റി; 2019 ലോക കപ്പ് മുന്നില്‍ വെച്ച് ആധിപത്യം ഉറപ്പിച്ച് ധോനി 

ക്രിസ് ഗെയില്‍, റസല്‍, എബി ഡിവില്ലിയേഴ്‌സ്..ഈ വെടിക്കെട്ട വീരന്മാരെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഇവരുടെ ഇന്നിങ്‌സുകള്‍ പലത് കാണുമ്പോഴും ക്രിക്കറ്റ് പ്രേമികള്‍ക്ക് തോന്നിപ്പോകും. ബൗളര്‍മാരെ അടിച്ചു പറത്തുന്നതില്‍ ഇവര്‍ക്ക് ഒരു ദാക്ഷിണ്യവുമില്ല. എന്നാല്‍ ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് വരുമ്പോള്‍ ഇവര്‍ക്ക് മുകളിലേക്കെത്തി ഒരാള്‍ ആധിപത്യം ഉറപ്പിക്കുകയാണ്. മറ്റാരുമല്ല, ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് ഫോം കണ്ടെത്താന്‍ വിഷമിച്ച ധോനി തന്നെ. 

വിരമിക്കേണ്ട പ്രായം ധോനിക്ക് അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് മുന്നിലേക്ക് സിക്‌സുകള്‍ ഓരോന്നായി പറത്തിയായിരുന്നു ധോനിയുടെ ചെന്നൈയ്ക്ക വേണ്ടിയുള്ള ഇന്നിങ്‌സ്. ഇപ്പോള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തിയ താരങ്ങളുടെ ലിസ്റ്റില്‍ ധോനി ഒന്നാമതും എത്തി. ഗെയിലും, എബിഡിയും, റസലുമെല്ലാം ധോനിക്ക് പിന്നില്‍. 

ഒന്‍പത് ഇന്നിങ്‌സില്‍ നിന്നും 24 സിക്‌സാണ് ധോനി അടിച്ചു പറത്തിയത്. ഗെയിലും എബിഡിയും റസലുമെല്ലാം 23 സിക്‌സ് വീതം അടിച്ച് ധോനിക്ക് തൊട്ടു പിന്നിലുണ്ട്. സീസണിലെ കൂറ്റന്‍ സിക്‌സ് അടിച്ചും തന്റെ പ്രായത്തെ വിമര്‍ശിച്ചവര്‍ക്ക് ധോനി മറുപടി നല്‍കുന്നു. 111 മീറ്റര്‍ ദൂരത്തേക്ക് അടിച്ചു പറത്തി ഡിവില്ലിയേഴ്‌സാണ് സീസണിലെ ഇതുവരെയുള്ള കൂറ്റന്‍ സിക്‌സിന് ഉടമ. പിന്നില്‍ ധോനിയുണ്ട്. 108 മീറ്റര്‍ ദൂരത്തേക്ക് പറത്തിയായിരുന്നു വിമര്‍ശകര്‍ക്കുള്ള ധോനിയുടെ മറുപടി. 

പഴയ ധോനിയെയാണ് ഈ സീസണില്‍ കാണുന്നതെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു, ഡല്‍ഹിക്കെതിരെ 22 ബോളില്‍ 51 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ തന്നെ. 2012ല്‍ മുംബൈ ഇന്‍ഡ്യന്‍സിനെതിരെ 20 ബോളില്‍ അര്‍ധ ശതകം പിന്നിട്ടത് ഓര്‍മിപ്പിച്ചായിരുന്നു ഡല്‍ഹിക്കെതിരെയുള്ള ധോനിയുടെ ഇന്നിങ്‌സ്. 

2019  ലോക കപ്പ് ടീമില്‍ ധോനിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ കളിക്കണം എന്ന ധോനിയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു കോച്ച് ശാസ്ത്രിയും നായകന്‍ കോഹ് ലിയും. ഐപിഎല്ലില്‍ സഞ്ജുവും, ഋഷഭ് പന്തും, ഇഷാന്‍ കിഷനുമെല്ലാം അടിച്ചു തകര്‍ത്തു മുന്നേറുന്നത് ഭീഷണി തീര്‍ക്കുന്നത് ധോനിക്ക് നേരെയാണ്. ഇവര്‍ക്ക മുകളില്‍ നില്‍ക്കുന്ന ഇന്നിങ്‌സ പുറത്തെടുക്കാതെ ഇന്ത്യന്‍ മുന്‍ നായകന് രക്ഷയില്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com