ഷോട്ടുകളുടെ ഭംഗി നോക്കിയിട്ട് കാര്യമില്ല, ടീം ജയിക്കണ്ടേ? പഞ്ചാബ് താരത്തില്‍ നിന്നും സഞ്ജു പഠിക്കണം

രാജസ്ഥാനെതിരായ രാഹുലിന്റെ ഇന്നിങ്‌സാണ് അവരതിന് ഉദാഹരണമായി എടുത്ത് കാണിക്കുന്നത്
ഷോട്ടുകളുടെ ഭംഗി നോക്കിയിട്ട് കാര്യമില്ല, ടീം ജയിക്കണ്ടേ? പഞ്ചാബ് താരത്തില്‍ നിന്നും സഞ്ജു പഠിക്കണം

ക്ലാസിക് ഷോട്ടുകള്‍ കൊണ്ട് കളം നിറയുന്ന താരമാണ് സഞ്ജു സാംസണ്‍. പതിനൊന്നാം സീസണ്‍ ഐപിഎല്ലില്‍ സഞ്ജുവില്‍ പൂര്‍ണമായും ആശ്രയിച്ചാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പോക്ക്. എന്നാല്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ സഞ്ജുവിനും സാധിക്കുന്നില്ല. ഇപ്പോള്‍ സഞ്ജു ഐപിഎല്ലിലെ മറ്റൊരു താരത്തെ മാതൃകയാക്കണം എന്നാണ് ആരാധകരുടെ അഭിപ്രായം. 

പഞ്ചാബിന്റെ കെ.എല്‍.രാഹുലിന്റെ പാത സഞ്ജു പരീക്ഷിക്കണം എന്നാണ് ആരാധക പക്ഷം. രാജസ്ഥാനെതിരായ രാഹുലിന്റെ ഇന്നിങ്‌സാണ് അവരതിന് ഉദാഹരണമായി എടുത്ത് കാണിക്കുന്നത്.  മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ 43 ബോളില്‍ നിന്നും 48 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു രാഹുല്‍. എന്നാല്‍ കളി അവസാനിക്കുമ്പോള്‍ രാഹുലിന്റെ സ്‌കോര്‍ 57 ബോളില്‍ 84 റണ്‍സ് എന്നായിരുന്നു. 

ടീമിന് അനിവാര്യമായ രീതിയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തതിന് ശേഷം ലഭിച്ച അവസരങ്ങള്‍ മുതലാക്കി കളിക്കുകയായിരുന്നു രാഹുലിന്റെ തന്ത്രം. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ശ്രദ്ധ കൊടുത്തായിരുന്നു രാഹുല്‍ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. എന്നാല്‍ സഞ്ജു പരാജയപ്പെടുന്നതും ഇവിടെയാണ്. മൂന്നാമനായോ, നാലാമനായോ ക്രീസിലേക്ക് എത്തുന്ന സഞ്ജു വിക്കറ്റ് കളയാതെ ടീമിന്റെ സ്‌കോര്‍ ചലിപ്പിച്ചു കൊണ്ടിരിക്കും. എന്നാല്‍ പൊടുന്നനെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തും. 

സഞ്ജുവിന്റെ വിക്കറ്റ് വീണതിന് പിന്നാലെ രാജസ്ഥാന്റെ താളം തെറ്റും. ഇക്കാര്യത്തില്‍ സഞ്ജു രാഹുലിനെ മാതൃകയാക്കണം. ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിന് ഇടയിലെ കൂറ്റനടികളിലാണ് സഞ്ജുവിന് പലപ്പോഴും പിഴയ്ക്കുന്നത്. അത് വിജയിച്ചതാവട്ടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ മാത്രം. 

ഷോട്ടുകളുടെ സൗന്ദര്യത്തില്‍ രാഹുലിനേക്കാള്‍ സഞ്ജു മുന്നിലാണ്. എന്നാല്‍ അവസാന നിമിഷം വരെ നിന്ന് ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതില്‍ വിജയിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ മാത്രമായിരുന്നു 12 ഓവറിന് അപ്പുറത്തേക്ക് രാഹുല്‍ ക്രീസില്‍ നിന്നത്. 

14 ബോളില്‍ അര്‍ധ ശതകം പിന്നിട്ട കളിയിലും കൊല്‍ക്കത്തയ്‌ക്കെതിരെ 24 ബോളില്‍ അര്‍ധ ശതകം നേടിയതിലും നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു രാജസ്ഥാനെതിരായ കളിയിലെ രാഹുലിന്റെ ബാറ്റിങ്. ഐപിഎല്‍ പതിനൊന്നാം സീസണില്‍ എനിക്ക് സംതൃപ്തി നല്‍കിയ കളിയെന്ന് രാഹുല്‍ പറഞ്ഞതും ഇതുകൊണ്ടാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com