റാഷിദ് ഖാന് ഭുവിയുടെ നിര്‍ദേശം, ഐപിഎല്ലിലെ കളി ഐപിഎല്ലില്‍ മാത്രം മതി!

2016ലെ ജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ഹൈദരാബാദിന്റെ ഇപ്പോഴത്തെ പോക്ക്
റാഷിദ് ഖാന് ഭുവിയുടെ നിര്‍ദേശം, ഐപിഎല്ലിലെ കളി ഐപിഎല്ലില്‍ മാത്രം മതി!

നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ കോഹ് ലി മുതിര്‍ന്നതിനെ ആരാധകര്‍ക്ക് ട്രോളാതെ വിടാന്‍ പറ്റുമായിരുന്നില്ല. ബൗളിങ് കരുത്തില്‍ മുന്നേറുന്ന ഹൈദരാബാദിനെതിരെ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് ആത്മഹത്യപരമല്ലേ എന്നായിരുന്നു ആരാധകരുടെ പരിഹാസം. മുംബൈയ്ക്കും പഞ്ചാബിനും രാജസ്ഥാനുമേറ്റ പ്രഹരം കണ്ടിട്ടും കോഹ് ലി പഠിച്ചില്ല. 

ശക്തമായ ബാറ്റിങ് നിരയുമായി വന്ന ബാംഗ്ലൂരിന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിച്ച് ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുമെത്തി. 2016ലെ ജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ഹൈദരാബാദിന്റെ ഇപ്പോഴത്തെ പോക്ക്. എത്ര ചെറിയ സ്‌കോര്‍ ആയാലും പ്രതിരോധിക്കാന്‍ ഹൈദരാബാദിന്റെ ബൗളേഴ്‌സ് പ്രാപ്തം. 

അങ്ങിനെ ബൗളിങ്ങിന്റെ കരുത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടക്കുന്ന ഐപിഎല്ലില്‍ ഹൈദരാബാദ് മുന്നേറവെ സഹതാരത്തിന് നേര്‍ക്ക് ഒരു നിര്‍ദേശവുമായിട്ടാണ് ഭുവനേശ്വര്‍ കുമാര്‍ വരുന്നത്. റാഷിദ് ഖാനോടാണ് ഭുവിക്ക് പറയാനുള്ളത്. ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനം നടത്തുന്നതെല്ലാം ശരി, പക്ഷേ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ആ കളി കളിക്കരുത് എന്നാണ് ഭുവി റാഷിദിന് നല്‍കുന്ന നിര്‍ദേശം. 

ഐപിഎല്‍ ട്വിന്റി20.കോം പുറത്തുവിട്ട വീഡിയോയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുകയാണ് റാഷിദ്. തന്ത്രങ്ങള്‍ എന്തെല്ലാമാണ് പരീക്ഷിക്കുന്നതെന്നായിരുന്നു ഭുവിയുടെ ചോദ്യം. നെറ്റ്‌സില്‍ പരിശീലിക്കുന്ന സമയത്ത് ഞാന്‍ പല പല പരീക്ഷണങ്ങള്‍ നടത്തും. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ശ്രമിക്കും എന്നെല്ലാമായിരുന്നു റാഷിദിന്റെ മറുപടി. എന്ത് വേണമെങ്കിലും ചെയ്‌തോളു. എന്നാല്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇതൊന്നും ചെയ്യരുത് എന്നായിരുന്നു ഭുവിയുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com