ദേ ഇപ്പോ ബാംഗ്ലൂരും; പ്ലേഓഫിന് ടീമുകളുടെ തലവേദന കണക്കുകള്‍

പഞ്ചാബിനെതിരായ ബാംഗ്ലൂരിന്റെ പത്ത് വിക്കറ്റ് ജയത്തോടെ അഞ്ച് ടീമുകള്‍ക്ക മുന്നിലുള്ള പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെയാണ്...
ദേ ഇപ്പോ ബാംഗ്ലൂരും; പ്ലേഓഫിന് ടീമുകളുടെ തലവേദന കണക്കുകള്‍

രണ്ട് പ്ലേഓഫ് സ്ഥാനങ്ങള്‍. അതും ലക്ഷ്യം വെച്ച് രാജസ്ഥാനും കൊല്‍ക്കത്തയും, പഞ്ചാബും, മുംബൈയും എന്തിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വരേയും. ചൈന്നൈയ്ക്കും സണ്‍റൈസേഴ്‌സിനും ഒപ്പം ഏത് ടീമുകളാകും പ്ലേ ഓഫിലേക്ക് കടക്കുക? 

രാജസ്ഥാന്റേയും കൊല്‍ക്കത്തയുടേയും കാര്യത്തില്‍ തീരുമാനം ഇന്നറിയാം. ഈഡന്‍ ഗാര്‍ഡനില്‍ വിജയ കൊടി പാറിക്കുന്ന ടീം പ്ലേ ഓഫിലേക്ക് എത്തും. പഞ്ചാബിനെതിരായ ബാംഗ്ലൂരിന്റെ പത്ത് വിക്കറ്റ് ജയത്തോടെ അഞ്ച് ടീമുകള്‍ക്ക മുന്നിലുള്ള പ്ലേഓഫ് സാധ്യതകള്‍ ഇങ്ങനെയാണ്...

പഞ്ചാബ്

മത്സരങ്ങള്‍-12 പോയിന്റ്12, ജയം-6, തോല്‍വി-6

മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും എതിരായ മത്സരമാണ് പഞ്ചാബിനെ അവശേഷിക്കുന്നത്. ഈ രണ്ട് കളികളിലും ജയിച്ചാല്‍ 16 പോയിന്റോടെ പഞ്ചാബിനെ പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യാം. മുംബൈയ്ക്ക് അപ്പോള്‍ പുറത്തേക്കുള്ള വഴി തുറക്കും. 

ഒരു മത്സരത്തില്‍ പഞ്ചാബ് തോറ്റാല്‍- മുംബൈ, കൊല്‍ക്കത്ത, രാജസ്ഥാന്‍, ബാംഗ്ലൂര്‍  എന്നീ നാല് ടീമുകളില്‍ രണ്ട് ടീം ഒരു മത്സരത്തില്‍ എങ്കിലും തോല്‍ക്കണം. അതോടെ മൂന്നാം സ്ഥാനവും നാലാം സ്ഥാനവും നിര്‍ണയിക്കുന്നതില്‍ നെറ്റ് റണ്‍റേറ്റ് വിഷയമാകും. 

രണ്ട് കളികളിലും പഞ്ചാബ് തോറ്റാല്‍-ബാംഗ്ലൂര്‍, രാജസ്ഥാന്‍, മുംബൈ, കൊല്‍ക്കത്ത ടീമുകളില്‍ രണ്ട് ടീമുകള്‍ രണ്ട് മത്സരം വീതം തോല്‍ക്കണം. 

കൊല്‍ക്കത്ത

മത്സരങ്ങള്‍-12, ജയം-6, തോല്‍വി-6, പോയിന്റ് 12

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് നടക്കുന്ന മത്സരവും, ഹൈദരാബാദിനെതിരെയുള്ള മത്സരവുമാണ് കൊല്‍ക്കത്തയ്ക്ക് ഇനി അവശേഷിക്കുന്നത്. രണ്ട് മത്സരവും ജയിച്ചാല്‍ 16 പോയിന്റോടെ പ്ലേ ഓഫിലേക്കെത്തും. 

പഞ്ചാബ് ഒരു മത്സരത്തില്‍ തോറ്റാല്‍ ബാക്കിയുള്ള നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ഒരു മത്സരത്തില്‍ എങ്കിലും തോല്‍ക്കണം. അവിടേയും നെറ്റ് റണ്‍റേറ്റായിരിക്കും സ്വാധീനം ചെലുത്തുക. രണ്ട് മത്സരത്തിലും പഞ്ചാബ് തോറ്റാല്‍ ബാംഗ്ലൂരും മുംബൈയും ഒരു മത്സരത്തില്‍ തോല്‍ക്കണം. 

രാജസ്ഥാന്‍ റോയല്‍സ്

മത്സരങ്ങള്‍-12, ജയം-6, തോല്‍വി-6, പോയിന്റ്-12

കോല്‍ക്കത്തയ്‌ക്കെതിരേയും, ബാംഗ്ലൂരിനെതിരേയുമാണ് രാജസ്ഥാന്റെ ഇനിയുള്ള മത്സരങ്ങള്‍. രണ്ട് മത്സരങ്ങളിലും ജയം നേടിയാല്‍ 16 പോയിന്റോടെ പ്ലേഓഫിലേക്ക് യോഗ്യത നേടാം. 

ഒരു കളിയില്‍ രാജസ്ഥാന്‍ തോല്‍വി നേരിട്ടാല്‍ പിന്നെ നാല് ടീമുകളില്‍ രണ്ട് ടീമുകള്‍ ഒരു കളിയില്‍ തോല്‍ക്കാന്‍ രഹാനേയും കൂട്ടരും കാത്തിരിക്കണം. 

രണ്ട് കളിയിലും രാജസ്ഥാന്‍ തോറ്റാല്‍ ബാംഗ്ലൂരും, മുംബൈയും ഓരോ മത്സരത്തില്‍ തോല്‍ക്കുകയും പഞ്ചാബ് രണ്ട് മത്സരത്തിലും തോല്‍ക്കണം. 

ബാംഗ്ലൂര്‍

മത്സരങ്ങള്‍ 12, ജയം-5, തോല്‍വി 7, പോയിന്റ് 10

പോയിന്റ് ടേബിളില്‍ മുന്നിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, രാജസ്ഥാന്‍ റോയല്‍സിനേയുമാണ് ബാംഗ്ലൂരിന് ഇനി നേരിടേണ്ടതായുള്ളത്.

പ്ലേഓഫിലേക്ക് കടക്കണം എങ്കിലും രാജസ്ഥാനും, പഞ്ചാബും, കൊല്‍ക്കത്തയും ഒരു മത്സരത്തില്‍ തോല്‍ക്കണം. 

മുംബൈ ഇന്ത്യന്‍സ്

മത്സരങ്ങള്‍-12, ജയം-5, തോല്‍വി-7, പോയിന്റ്10

പഞ്ചാബിനെതിരേയും, ഡല്‍ഹിക്കെതിരേയുമാണ് മുംബൈയ്ക്ക് ഇനി കളിക്കേണ്ടത്. ഈ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും വേണം എന്നതിന് പുറമെ രാജസ്ഥാന്‍, പഞ്ചാബ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ ടീമുകള്‍  ഒരു മത്സരത്തില്‍ കൂടുതല്‍ ജയിക്കുകയും ചെയ്യരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com