പ്രതീക്ഷ മുഴുവന്‍ ബട്ട്‌ലറില്‍, അപ്പോള്‍ ബട്ട്‌ലര്‍ ടീം വിടുന്നു; തലവേദന ഒഴിയാതെ രാജസ്ഥാന്‍

ഒരു മത്സരം മാത്രം ശേഷിക്കെ രാജസ്ഥാന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്
പ്രതീക്ഷ മുഴുവന്‍ ബട്ട്‌ലറില്‍, അപ്പോള്‍ ബട്ട്‌ലര്‍ ടീം വിടുന്നു; തലവേദന ഒഴിയാതെ രാജസ്ഥാന്‍

മൂന്ന് ജയങ്ങള്‍ തുടരെ നേടി പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കിയെങ്കിലും കൊല്‍ക്കത്തയ്‌ക്കെതിരെ രഹാനേയ്ക്കും കൂട്ടര്‍ക്കും കാലിടറുകയായിരുന്നു. ഇനിയുള്ള ഒരു മത്സരം ജയിച്ച് മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കാത്തിരിക്കുകയാണ് രാജസ്ഥാന് ചെയ്യാനുള്ളത്. എന്നാല്‍ ഒരു മത്സരം മാത്രം ശേഷിക്കെ രാജസ്ഥാന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 

ബട്ട്‌ലറും, സ്റ്റോക്കും ഇല്ലാതെയാകും അവസാന ലീഗ് മത്സരത്തിന് വേണ്ടി രാജസ്ഥാന്‍ ഇറങ്ങുക. തുടരെ തോല്‍വികള്‍ നേരിട്ട രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ബട്ട്‌ലറിന്റെ ബാറ്റിങ് മികവായിരുന്നു. സഞ്ജു ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് രാജസ്ഥാനെ തോളിലേറ്റാന്‍ സാധിക്കാതെ വരുന്നതിന് ഇടയില്‍ അനിവാര്യ ജയം വേണ്ട കളിയില്‍ ബട്ട്‌ലര്‍ ഇല്ലാതെ ഇറങ്ങുന്നത് രാജസ്ഥാനെ എത്രമാത്രം പ്രതികൂലമായി ബാധിക്കുമെന്നത് പറയാതെ തന്നെ വ്യക്തം. 

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെയാണ് രാജസ്ഥാന്റെ അവസാന ലീഗ് മത്സരം. അനിവാര്യ ജയം തേടിയാണ് ബാംഗ്ലൂരും ഇറങ്ങുന്നത്. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ സഞ്ജുവും ബട്ട്‌ലറും മാത്രമാണ് ബാറ്റിങ് ആവറേജില്‍ 30 കടന്നിരിക്കുന്നത്. സീസണില്‍ 548 റണ്‍സ് നേടി ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 391 റണ്‍സ് നേടി സഞ്ജുവാണ് രണ്ടാമത്. 

വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് എന്നിടത്ത് നിന്നായിരുന്നു ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നത്. ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കം മുതലെടുക്കാന്‍ മധ്യനിരയ്ക്ക് സാധിക്കാതെ വരികയായിരുന്നു. 

പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയെ തുടര്‍ന്നാണ് സ്റ്റോക്കും ബട്ട്‌ലറും ടീം വിടുന്നത്. ഇവര്‍ക്ക പകരം വയ്ക്കാന്‍ മികച്ച താരങ്ങള്‍ ഇല്ലാ എന്നത് രാജസ്ഥാന് തലവേദന തീര്‍ക്കുന്നു. മുംബൈ രണ്ട് മത്സരങ്ങളിലും തോല്‍ക്കുകയും ബാംഗ്ലൂരിനെതിരെ വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താലാണ് രാജസ്ഥാന് പ്ലേഓഫിലേക്ക് കടക്കാന്‍ സാധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com