ഒടുവില്‍ ബഫണ്‍ അത് പ്രഖ്യാപിച്ചു; ഫുട്‌ബോളിനോട് വിടപറയില്ല,  എന്നാല്‍ യുവന്റ്‌സില്‍ ഇനി ഇല്ല

17 വര്‍ഷത്തെ യുവന്റ്‌സ് വാസത്തിനിടയില്‍ തുടര്‍ച്ചയായ ഏഴ് തവണയാണ് ടീമിനെ സീരീ എ കിരീടത്തിലേക്ക് ബഫണ്‍ നയിച്ചത്
ഒടുവില്‍ ബഫണ്‍ അത് പ്രഖ്യാപിച്ചു; ഫുട്‌ബോളിനോട് വിടപറയില്ല,  എന്നാല്‍ യുവന്റ്‌സില്‍ ഇനി ഇല്ല

യുവന്റ്‌സുമായുള്ള പതിനേഴ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഇതിഹാസ ഗോള്‍കീപ്പിര്‍ ജിയാന്‍ലൂജി ബഫണ്‍. ഫുട്‌ബോളില്‍ നിന്നുതന്നെയുള്ള വിരമിക്കല്‍ പ്രഖ്യാപനം ബഫണില്‍ നിന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നത് എങ്കിലും യുവന്റ്‌സില്‍ നിന്നുമുള്ള പിന്‍വാങ്ങലാണ് ബഫണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

17 വര്‍ഷത്തെ യുവന്റ്‌സ് വാസത്തിനിടയില്‍ തുടര്‍ച്ചയായ ഏഴ് തവണയാണ് ടീമിനെ സീരീ എ കിരീടത്തിലേക്ക് ബഫണ്‍ നയിച്ചത്. ഈ സീസണിലെ ജയത്തോടെ തുടര്‍ച്ചയായ നാലാം തവണ യുവന്റ്‌സിന് ബഫണ്‍ ഇറ്റാലിയന്‍ കപ്പും നേടിക്കൊടുക്കുന്നത്. 

ശനിയാഴ്ചത്തെ വെറോണയ്‌ക്കെതിരായ മത്സരമായിരിക്കും യുവന്റ്‌സിന് വേണ്ടിയുള്ള തന്റെ അവസാനത്തെ കളിയെന്നും ബഫണ്‍ വ്യക്തമാക്കി. രണ്ട് കിരീടങ്ങള്‍ കൂടി നേടി ഈ സാഹസീക യാത്രയ്ക്ക് അവസാനം കുറിക്കുക എന്നത് പ്രധാനപ്പെട്ടതാണ്, അലൈയന്‍സ് സ്റ്റേഡിയത്തില്‍ തന്റെ യുവന്റ്‌സില്‍ നിന്നുമുള്ള പടിയിറക്കം പ്രഖ്യാപിച്ചു കൊണ്ട് ബഫണ്‍ പറഞ്ഞു. 

വെറോണയ്‌ക്കെതിരായ കളിയിലൂടെ ബഫണ്‍ സീരി എയിലെ 640ാം മത്സരത്തിനാണ് ഇറങ്ങുന്നത്. യുവന്റ്‌സിന് പുറത്തുള്ള തന്റെ ഫുട്‌ബോള്‍ ഭാവി എന്തായിരിക്കും എന്ന് തീരുമാനിക്കാന്‍ ഇനിയും സമയം വേണ്ടതുണ്ടെന്നാണ് ബഫണ്‍ പറയുന്നത്. 15 ദിവസം മുന്‍പ് ഫുട്‌ബോള്‍ മതിയാക്കാം എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ ചില നല്ല ഓഫറുകള്‍ മുന്നിലേക്കെത്തി, കളിക്കളത്തിന് പുറത്തും അകത്തുമുള്ളവയാണ് അവ. 

കളിക്കളത്തിന് പുറത്തുള്ള നല്ല ഓഫറുകളില്‍ മികച്ചത് മുന്നോട്ടു വെച്ചത് യുവന്റ്‌സ് തന്നെയാണെന്നും ബഫണ്‍ പറയുന്നു. സമാധാനത്തോടെയിരുന്നു ഏത് തിരഞ്ഞെടുക്കണം എന്ന് ഞാന്‍ തീരുമാനിക്കും. വന്‍ നിര യൂറോപ്യന്‍ ക്ലബുകളായ ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ്, പിഎസ്ജി എന്നിവയില്‍ നിന്നും ബഫണിന് ഓഫറുകള്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

തിരിച്ചടികളും നേട്ടങ്ങളും പങ്കിട്ടായിരുന്നു ബഫണിന്റെ ഈ സീസണ്‍. ആറ് ദശകത്തിന് ഇടയില്‍ ആദ്യമായിട്ട് ഇറ്റലി ലോക കപ്പ് ഫുട്‌ബോളിന് യോഗ്യത നേടാതിരുന്നതും, ചാമ്പ്യന്‍സ് ലീഗ് സെമിയിലെ റയലിനോടേറ്റ തോല്‍വിയുമെല്ലാം ബഫണിന് തിരിച്ചടികളായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com