ഓസീസ് ബൗളര്‍മാരെ എന്തിനാണ് പേടിക്കുന്നത്? വെല്ലുവിളി ഏറ്റെടുത്ത് പകലും രാത്രിയുമായി കളിക്കാന്‍ ഹര്‍ഭജന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റ് പകല്‍-രാത്രി മത്സരമായി നടത്താമെന്ന നിര്‍ദേശം ഓസ്‌ട്രേലിയ മുന്നോട്ടു വെച്ചുവെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു
ഓസീസ് ബൗളര്‍മാരെ എന്തിനാണ് പേടിക്കുന്നത്? വെല്ലുവിളി ഏറ്റെടുത്ത് പകലും രാത്രിയുമായി കളിക്കാന്‍ ഹര്‍ഭജന്‍

ന്യൂഡല്‍ഹി: എന്തുകൊണ്ട് ഇന്ത്യ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തോട് മുഖം തിരിക്കുന്നു എന്ന് മനസിലാകുന്നില്ലെന്ന് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റ് പകല്‍-രാത്രി മത്സരമായി നടത്താമെന്ന നിര്‍ദേശം ഓസ്‌ട്രേലിയ മുന്നോട്ടു വെച്ചുവെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ഭജന്റെ പ്രതികരണം. 

എല്ലാവരിലും താത്പര്യം സൃഷ്ടിക്കുന്ന ഒന്നാണ് ടെസ്റ്റ് പകലും രാത്രിയുമായി കളിക്കുക എന്നത്. നമ്മളും അത് ട്രൈ ചെയ്യണം. എന്റെ പിന്തുണ അതിനാണെന്നും ഹര്‍ഭജന്‍ പറയുന്നു. രാത്രി വെളിച്ചത്തില്‍ കളിക്കുമ്പോള്‍ ജോഷ് ഹസില്‍വുഡിന്റേയും മിച്ചല്‍ സ്റ്റാര്‍ക്കിന്റേയും ബോളുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കും എന്നതിലാണ് ഇന്ത്യ രാത്രി പകല്‍ മത്സരത്തില്‍ നിന്നും പിന്മാറിയതെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. 

എന്നാല്‍, ഓസീസ് ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിയില്ല എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു. അതൊരു വെല്ലുവിളിയാണ്. എന്ത് ദോഷമാണ് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെ ഉണ്ടാവുക. നമ്മുക്കം ഫാസ്റ്റ് ബൗളേഴ്‌സ് ഉണ്ടെന്ന് ഓര്‍ക്കണമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു. 

മേഘങ്ങള്‍ മൂടിയ ഇംഗ്ലണ്ടിന്റെ അന്തരീക്ഷത്തില്‍ കളിക്കുക എന്നത് വെല്ലുവിളി അല്ലേ? എന്നിട്ട് നമ്മള്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നില്ല എന്ന് തീരുമാനമെടുക്കുന്നുണ്ടോ എന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.

എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ യെസ് പറയുന്നത് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാത്രിയും പകലുമായുള്ള ടെസ്റ്റ് മത്സരം കളിക്കില്ലെന്ന് ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് തലവന്‍ വിനോദ് റായി വ്യക്തമാക്കി. 18 മാസത്തേക്ക് പിങ്ക് ബോള്‍  ടെസ്റ്റിനെ കുറിച്ച് ആലോചിക്കേണ്ടെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആവശ്യം അംഗീകരിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നും വിനോദ് റായി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com