വ്യക്തിഗത മികവുകള്‍ ക്രിക്കറ്റില്‍ വിലപ്പോകുമോ? ബാംഗ്ലൂരിനെ നോക്കി ഉത്തരം പറയണം..

ഡിവില്ലിയേഴ്‌സും കോഹ് ലിയും ഒരുമിച്ചു വരുന്ന ബാറ്റിങ് നിര എന്നതായിരുന്നു ബാംഗ്ലൂരിന്റെ തുറുപ്പു ചീട്ട്
വ്യക്തിഗത മികവുകള്‍ ക്രിക്കറ്റില്‍ വിലപ്പോകുമോ? ബാംഗ്ലൂരിനെ നോക്കി ഉത്തരം പറയണം..

വ്യക്തിഗത മികവുകള്‍ ക്രിക്കറ്റില്‍ വിലപ്പോകുമോ? ഉത്തരം പതിനൊന്നാം ഐപിഎല്‍ സീസണിലെ റോയല്‍ ചലഞ്ചേഴ്‌സിനെ നോക്കിയാല്‍ കിട്ടും. ഡിവില്ലിയേഴ്‌സും കോഹ് ലിയും ഒരുമിച്ചു വരുന്ന ബാറ്റിങ് നിര എന്നതായിരുന്നു ബാംഗ്ലൂരിന്റെ തുറുപ്പു ചീട്ട്. വ്യക്തികളെ അതിമാനുഷികരായി കണ്ടുള്ള ഫാന്റസി കളിക്കളത്തില്‍ വിജയിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് പ്ലേഓഫ് കാണാതെയുള്ള ബാംഗ്ലൂരിന്റെ പുറത്താകല്‍. 

ലോക ക്രിക്കറ്റിലെ രണ്ട് വമ്പന്മാരെ ടീമില്‍ നിലനിര്‍ത്താന്‍ സാധിച്ചതിലൂടെ രണ്ട് തവണ റണ്ണേഴ്‌സ് അപ്പായ ടീം പ്ലേഓഫിലേക്ക് കടക്കുമെന്നായിരുന്നു കുട്ടിക്രിക്കറ്റ് പൂരത്തിന് ആരവം ഉയരുന്നതിന് മുന്‍പ് ബാംഗ്ലൂര്‍ ആരാധകരുടെ പ്രതീക്ഷ. മധ്യ നിരയില്‍ സര്‍ഫറസ് ഖാന്‍ കൂടി എത്തിയത് ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. 

14 കളികളില്‍ നിന്നും 530 റണ്‍സ് നേടി കോഹ് ലിയും, 12 കളിയില്‍ നിന്നും 480 റണ്‍സ് എടുത്ത് ഡിവില്ലിയേഴ്‌സും തങ്ങളുടെ ഭാഗം വൃത്തിയാക്കി. പക്ഷേ ഈ രണ്ട് പേരെ ആശ്രയിച്ച് രൂപഘടന നല്‍കിയ ടീം പൂര്‍ണ തോല്‍വിയായി. മധ്യ നിരയില്‍ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത് മന്ദീപ് സിങ്ങായിരുന്നു. 14 മത്സരങ്ങളില്‍ നിന്നും മന്ദീപ് നേടിയത് 252 റണ്‍സ്. 

സീസണ്‍ 11ല്‍ ഏവരേയും ഞെട്ടിച്ചായിരുന്നു 1.75 കോടി രൂപയ്ക്ക് സര്‍ഫറാസിനെ ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയത്. ആറ് ഇന്നിങ്‌സില്‍ നിന്നും സര്‍ഫറസ് നേടിയതാവട്ടെ 51 റണ്‍സും. മധ്യനിരയുടെ പരാജയം തുറന്നു പറയുകയായിരുന്നു കോഹ് ലിയും രാജസ്ഥാനെതിരായ പരാജയത്തിന് ശേഷം. ബാറ്റിങ്ങിന്റെ മുഴുവന്‍ ഭാരവും ഡിവില്ലിയേഴ്‌സിന് ചുമലിലേറ്റാനാവില്ല എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

165 റണ്‍സായിരുന്നു രാജസ്ഥാന്‍ ബാംഗ്ലൂരിന് മുന്നില്‍ വെച്ചത്. ഒന്‍പതാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. കോഹ് ലി പുറത്തായതിന് ശേഷം ഡിവില്ലിയേഴ്‌സ്(53), പാര്‍ഥീവ് പട്ടേല്‍(33) എന്നിവര്‍ ചേര്‍ന്ന് നല്‍കിയ അടിത്തറ മുതലെടുക്കുന്നതില്‍ പൂര്‍ണ പരാജയമാവുകയായിരുന്നു ബാംഗ്ലൂര്‍ മധ്യനിര. 

മൊയിന്‍ അലിയും മന്ദീപ് സിങ്ങും, ഗ്രാന്‍ഡ്‌ഹോമും സര്‍ഫറസ് ഖാനും രണ്ടക്കം കാണാതെയാണ് രാജസ്ഥാനെതിരെ പുറത്തായത്. ക്രിസ് ഗെയിലിന്റെ കൂറ്റനടികള്‍ ഒഴിച്ചാല്‍ കഴിഞ്ഞ സീസണിലും കോഹ് ലിയിലും ഡിവില്ലിയേഴ്‌സിലും ആശ്രയിച്ചായിരുന്നു ബാംഗ്ലൂരിന്റെ ബാറ്റിങ് നിര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com