ആദ്യം ഡിബാലയുമായി കളിക്കാന്‍ വയ്യ, ഇപ്പോള്‍ ഇക്കാര്‍ഡിക്കൊപ്പവും; അര്‍ജന്റീനിയന്‍ ലോക കപ്പ് ടീമിലെ മലക്കം മറിച്ചിലുകള്‍

സീരി എയില്‍ ടോപ്‌സ്‌കോറര്‍ ആയിട്ടും ഇന്റര്‍ മിലാന്‍ താരത്തിന് ലോക കപ്പ് ഫുട്‌ബോള്‍ പുറത്ത് നിന്നും കാണേണ്ടി വരും എന്നതാണ് ആരാധകരെ അമ്പരപ്പിച്ച ഘടകം
ആദ്യം ഡിബാലയുമായി കളിക്കാന്‍ വയ്യ, ഇപ്പോള്‍ ഇക്കാര്‍ഡിക്കൊപ്പവും; അര്‍ജന്റീനിയന്‍ ലോക കപ്പ് ടീമിലെ മലക്കം മറിച്ചിലുകള്‍

ഡിബാലയുടെ പേരുള്‍പ്പെട്ടതും ഇക്കാര്‍ഡി തഴയപ്പെട്ടതുമായിരുന്നു റഷ്യയിലേക്ക് പറക്കുന്ന അര്‍ജന്റീനിയന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളില്‍ കൗതുകമുണര്‍ത്തിയത്. ഡിബാലയ്‌ക്കൊപ്പം കളിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുള്ള മെസിക്കൊപ്പം മുന്നേറ്റ നിരയില്‍ കളിക്കാന്‍ ഡിബാല എത്തുന്നു എന്നതാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകം നിറയ്ക്കുന്നത്. 

2015ല്‍ അര്‍ജന്റീനിയന്‍ സംഘത്തിലേക്ക് എത്തിയെങ്കിലും പത്ത് കളികളില്‍ മാത്രമായിരുന്നു ഡിബാല ദേശീയ കുപ്പായത്തില്‍ കളിച്ചത്. ഒരു ഗോള്‍ പോലും താരത്തിന് നേടാനുമായില്ല. മെസിക്കൊപ്പം കളിക്കുക ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്ന് ഡിബാലയും പ്രതികരിച്ചിരുന്നു. 

ഒരേ പൊസിഷനിലാണ് ഞങ്ങള്‍ ഇരുവരും കളിക്കുന്നത് എന്നതാണ് പ്രശ്‌നമെന്ന് ഡിബാലയും മെസിയും സമ്മതിച്ചിരുന്നു. അര്‍ജന്റീനിയന്‍ ടീമിലേക്ക് എത്തുമ്പോള്‍ ഡിബാലയ്ക്ക് ഇടതിലേക്ക് നീങ്ങി കളിക്കേണ്ടി വരുന്നു. ഇതാണ് പ്രശ്‌നത്തിന് കാരണമെന്ന് മെസിയും ചൂണ്ടിക്കാട്ടുകയുണ്ടായി. 

എന്നാല്‍ സീരി എയില്‍ ടോപ്‌സ്‌കോറര്‍ ആയിട്ടും ഇന്റര്‍ മിലാന്‍ താരത്തിന് ലോക കപ്പ് ഫുട്‌ബോള്‍ പുറത്ത് നിന്നും കാണേണ്ടി വരും എന്നതാണ് ആരാധകരെ അമ്പരപ്പിച്ച ഘടകം. 29 ഗോളുകള്‍ നേടി സീസണില്‍ മികവ് പുലര്‍ത്തിയെങ്കിലും സാംപോളിയുടെ ശ്രദ്ധ പിടിക്കാന്‍ ഇക്കാര്‍ഡിക്കായില്ല. 

2013ല്‍ അര്‍ജന്റീനിയന്‍ ടീമിലേക്ക് ഇക്കാര്‍ഡി എത്തിപ്പെട്ടുവെങ്കിലും നാല് വര്‍ഷം അര്‍ജന്റീനയ്ക്ക് പുറത്ത് നില്‍ക്കേണ്ടി വന്നിരുന്നു ഇക്കാര്‍ഡിക്ക്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു അര്‍ജന്റീനിയന്‍ ലോക കപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി ഇക്കാര്‍ഡിയെ തിരികെ ടീമിലേക്ക വിളിക്കുന്നത്.

ടോപ് സ്‌കോറര്‍ ആയൊരു താരം എന്തുകൊണ്ട് അര്‍ജന്റീനിയന്‍ ദേശീയ ടീമില്‍ ഇടം പിടിച്ചില്ല എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഇക്കാര്‍ഡി ഒഴിവാക്കപ്പെട്ടതില്‍ മെസിയുടെ കൈകടത്തല്‍ ഉണ്ടായിട്ടുണ്ടെന്ന വാദവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com