സീസണ്‍ പകുതി ആയപ്പോഴെ പോക്ക് പന്തിയല്ലെന്ന് മനസിലായി, റെനെ കളിക്കാരില്‍ ആത്മവിശ്വാസം പോലും നിറച്ചില്ല; ബ്ലാസ്‌റ്റേഴ്‌സ് സിഇഒ പറയുന്നു

ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു റെനെയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലേക്കെത്തിക്കാന്‍ സാധിച്ചത്
സീസണ്‍ പകുതി ആയപ്പോഴെ പോക്ക് പന്തിയല്ലെന്ന് മനസിലായി, റെനെ കളിക്കാരില്‍ ആത്മവിശ്വാസം പോലും നിറച്ചില്ല; ബ്ലാസ്‌റ്റേഴ്‌സ് സിഇഒ പറയുന്നു

ഐഎസ്എല്‍ മൂന്നാം സീസണില്‍ ഫൈനലില്‍ മുട്ടുമടക്കേണ്ടി വന്നതിന്റെ കടം വീട്ടുക ലക്ഷ്യമിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സീസണിന് ഇറങ്ങിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കാലത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒപ്പം നിന്ന റെനെ മ്യുലന്‍സ്റ്റീനെ പരിശീലകനാക്കിയും, ബെര്‍ബറ്റോവ് എന്ന ലോകോത്തര മുന്നേറ്റ നിര താരത്തെ മഞ്ഞക്കുപ്പായത്തില്‍ എത്തിച്ചുമായിരുന്നു ബ്ലാസ്റ്റേഴ്‌സ് നാലാം സീസണിനായി ഒരുങ്ങിയത്. 

പക്ഷേ കടലാസു പുലിയായി ഒതുങ്ങാനായിരുന്നു നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ആദ്യ ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു റെനെയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലേക്കെത്തിക്കാന്‍ സാധിച്ചത്. ബെര്‍ബറ്റോവില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷിച്ച പ്രകടനം ലഭിച്ചില്ല. 

ഐഎസ്എല്‍ നാലാം സീസണില്‍ ടീമിനെ ബാധിച്ച പ്രശ്‌നങ്ങളെ കുറിച്ചും എന്താണ് ലക്ഷ്യം വെച്ചിരുന്നത് എന്നതിനെ കുറിച്ചുമെല്ലാം പറയുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി. റെനെയെ പരിശീലകനായി കൊണ്ടുവന്നപ്പോള്‍ ഒരു മികച്ച തീരുമാനമാണ് ഞങ്ങള്‍ എടുത്തതെന്നാണ് കരുതിയത്. എന്നാല്‍ കളി മുന്നോട്ടു പോകവെ അറ്റാക്കിങ് ഫുട്‌ബോളല്ല ഞങ്ങള്‍ കളിക്കുന്നത് എന്ന് ആരാധകരുടെ ഭാഗത്ത് നിന്നും വാദങ്ങള്‍ ഉയര്‍ന്നു തുടങ്ങി. 

0-0 സമനിലകള്‍ കൂടി വന്നപ്പോള്‍ ഡിസംബറായപ്പോഴേക്കും ഒരു മാറ്റത്തിന് ഇനിയും സമയമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ആദ്യ സീസണിലും നമ്മള്‍ സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. ആദ്യ രണ്ട് വര്‍ഷം ടീമിനുള്ളില്‍ ഒരു പോസിറ്റീവ് വികാരം നിലനിന്നിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ അതുണ്ടായിരുന്നില്ല. അതോടെ റെനെയെ മാറ്റുകയാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് പറയുന്നു. 

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം റെനെയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണങ്ങള്‍ മോശമായി പോയെന്നും ബ്ലാസ്റ്റേഴ്‌സ് ഉടമ പറയുന്നു. സന്ദേശ് ജിങ്കന്‍ ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പറ്റി റെനെ നടത്തിയ പ്രതികരണങ്ങളും അദ്ദേഹം തള്ളുന്നു. സന്ദേശ് ഞങ്ങളുടെ നായകനാണ്. സീസണ്‍ ഒന്ന് മുതല്‍ നമുക്ക് വേണ്ടി അധ്വാനിച്ചു കളിക്കുന്നു. ഓരോ വര്‍ഷവും ജിങ്കന്‍ കൂടുതല്‍ മികച്ചതാകുന്നു. 

റെനെയുടെ കമന്റുകളെ അതിന്റെ വഴിക്ക് വിട്ട് കളിക്കാരില്‍ വിശ്വാസം അര്‍പ്പിക്കുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. സീസണ്‍ അവസാനിച്ചതിന് പിന്നാലെ ബെര്‍ബറ്റോവിന്റെ ഭാഗത്ത് നിന്നും ടീമിനെതിരായ പരാമര്‍ശങ്ങളുണ്ടായി. വെളുപ്പിന് 4.30നാണ് ഞാന്‍ ബെര്‍ബറ്റോവിന്റെ പോസ്റ്റ് കാണുന്നത്. worst wanna be coach എന്ന ബെര്‍ബറ്റോവിന്റെ പോസ്റ്റ് കണ്ടപ്പോള്‍ ബെര്‍ബ അദ്ദേഹത്തെ കുറിച്ച് തന്നെ പറയുന്നതായാണ് ഞാന്‍ കരുതിയത്. 

എന്നാല്‍ പിന്നീടാണ് ഇത് മറ്റൊരു വ്യക്തിയെ ഉദ്ദേശിച്ചായിരുന്നു എന്ന് മനസിലായത്. അത് വളരെ നിര്‍ഭാഗ്യകരമായിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫിനെ ഉള്‍പ്പെടെ എല്ലാവരേയും ബെര്‍ബറ്റോവിന്റെ വാക്കുകള്‍ ദുഃഖിപ്പിച്ചുവെന്നും ബ്ലാസ്റ്റേഴ്‌സ് സിഇഒ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com