അനായാസം ജയം കയ്യിലിരിക്കെ കലമുടച്ച് രാജസ്ഥാന്‍; കൊല്‍ക്കത്ത രണ്ടാം ക്വാളിഫൈയറിലേക്ക്‌

ആദ്യ എലിമിനേറ്ററില്‍ കൊല്‍ക്കത്തയോട് 25 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന്‍ ഐപിഎല്‍ പതിനൊന്നാം സീസണിലെ യാത്ര അവസാനിപ്പിച്ചു
അനായാസം ജയം കയ്യിലിരിക്കെ കലമുടച്ച് രാജസ്ഥാന്‍; കൊല്‍ക്കത്ത രണ്ടാം ക്വാളിഫൈയറിലേക്ക്‌

കൊല്‍ക്കത്ത: ഭാഗ്യത്തിന്റേയും കഠിനാധ്വാനത്തിന്റേയും അകമ്പടിയോടെ പ്ലേഓഫിലേക്കെത്തിയ രാജസ്ഥാന്‍ അവസാന ഓവറുകളില്‍ കൊല്‍ക്കത്ത തീര്‍ത്ത സമ്മര്‍ദ്ദത്തിന് മുന്നില്‍ മുട്ടുമടക്കി. ആദ്യ എലിമിനേറ്ററില്‍ കൊല്‍ക്കത്തയോട് 25 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന്‍ ഐപിഎല്‍ പതിനൊന്നാം സീസണിലെ യാത്ര അവസാനിപ്പിച്ചു. 

ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫൈയറില്‍ കൊല്‍ക്കത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കെയായിരുന്നു കൊല്‍ക്കത്ത പിടിമുറുക്കിയത്. 

മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വരെ രാജസ്ഥാനായിരുന്നു മുന്‍തൂക്കം. എന്നാല്‍ രഹാനെയുടെ പുറത്താകലിന് പിന്നാലെ സ്‌കോറിന്റെ വേഗം കുറയുകയും ആവശ്യമായ റണ്‍റേറ്റ് ഉയരുകയും ചെയ്തു. കൂറ്റനടിക്ക് മുതിര്‍ന്ന സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ പരാജയം ഏറെ കുറെ ഉറപ്പിച്ചിരുന്നു. 

സിക്‌സും ഫോറും പായിച്ച് ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രാപ്തി ക്ലാസനും സ്റ്റുവര്‍ട്ട് ബിന്നിക്കും ഉണ്ടായില്ല. രഹാനെ മടങ്ങിയതിന് പിന്നാലെ എത്തിയ ക്ലാസന്‍ കൂറ്റനടികളില്‍ പരാജയപ്പെട്ടതാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. 18 ബോളില്‍ നിന്ന് 18 റണ്‍സാണ് ക്ലാസന്‍ നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ മുന്‍നിരയെ രാജസ്ഥാന്‍ ബൗളര്‍മാര്‍ തകര്‍ത്തെങ്കിലും നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ രക്ഷാപ്രവര്‍ത്തനവും അവസാന ഓവറുകളില്‍ റസലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങും കൊല്‍ക്കത്ത സ്‌കോര്‍ 169ലേക്ക് എത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com