വിരമിക്കല്‍ മത്സരം നിങ്ങള്‍ക്ക് വേണ്ടായിരിക്കും, പക്ഷേ ഞങ്ങള്‍ അത് അര്‍ഹിച്ചിരുന്നു; എബിയോട് പരിഭവപ്പെട്ട് ആരാധകര്‍

അങ്ങിനെയൊരു മത്സരത്തിന്റെ സമയം പോലും അനുവദിക്കാതെ തങ്ങളെ കണ്ണീരിലാഴ്ത്തിയതിന്റെ പരിഭവമുണ്ടാകും ഓരോ ക്രിക്കറ്റ് പ്രേമിക്കും
വിരമിക്കല്‍ മത്സരം നിങ്ങള്‍ക്ക് വേണ്ടായിരിക്കും, പക്ഷേ ഞങ്ങള്‍ അത് അര്‍ഹിച്ചിരുന്നു; എബിയോട് പരിഭവപ്പെട്ട് ആരാധകര്‍

ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയായിരുന്നു എബി ഡിവില്ലിയേഴ്‌സ്. വിരമിക്കല്‍ മത്സരം എന്ന ഒന്ന് ഇവിടെ ഡിവില്ലിയേഴ്‌സിന്റെ ആവശ്യമായിരുന്നില്ല. പക്ഷേ അങ്ങിനെയൊരു മത്സരത്തിന്റെ സമയം പോലും അനുവദിക്കാതെ തങ്ങളെ കണ്ണീരിലാഴ്ത്തിയതിന്റെ പരിഭവമുണ്ടാകും ഓരോ ക്രിക്കറ്റ് പ്രേമിക്കും. 

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ വാര്‍ത്ത സത്യമാകല്ലേ എന്ന പ്രാര്‍ഥനയിലായിരുന്നു ആരാധകര്‍. വിരമിക്കല്‍ പ്രഖ്യാപനം വന്ന ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞവര്‍ വരെയുണ്ട്. അത്രമേല്‍ അവരെ ഡിവില്ലിയേഴ്‌സ് ത്രസിപ്പിച്ചിട്ടുണ്ട്. 

2016ല്‍ ചിലിക്കെതിരെ കോപ്പ അമേരിക്കയില്‍ പരാജയപ്പെട്ട് അര്‍ജന്റീന തകര്‍ന്നപ്പോള്‍ മെസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ മത്സരത്തിലായിരുന്നു കായിക ലോകം അതിന് മുന്‍പ് കരഞ്ഞത്. മറ്റ് രാജ്യങ്ങളില്‍ എങ്ങിനെയെന്ന് അറിയില്ല, ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കോഹ് ലിയേക്കാളും പ്രിയം ഡിവില്ലിയേഴ്‌സിനോടാണെന്ന് പറയാന്‍ ഇവിടുത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു മടിയുമില്ല. 

മെസി തന്റെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരികെ എത്തിയത് പോലെ ഡിവില്ലിയേഴ്‌സും എത്തണമെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ഇപ്പോഴത്തെ പ്രാര്‍ഥന. എനിക്ക് വയ്യെന്ന് ഡിവില്ലിയേഴ്‌സ് തന്നെ പറഞ്ഞു കഴിഞ്ഞു. പക്ഷേ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുകയല്ലാതെ ആരാധകര്‍ക്ക് മറ്റൊന്നും ചെയ്യാനാവില്ലല്ലോ...

വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും ഡിവില്ലിയേഴ്‌സിനെ പിന്തിരിപ്പിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സിഇഒ തബാങ് മൂറെ തന്നെ ഡിവില്ലിയേഴ്‌സിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 

വിരമിക്കരുതെന്ന് ഡിവില്ലിയേഴ്‌സിനോട് പരമാവധി ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചു മാസങ്ങളായി ചിന്തിച്ച് തീരുമാനിച്ച് ഉറപ്പിച്ചത് പോലെയായിരുന്നു ഡിവില്ലിയേഴ്‌സിന്‍രെ പ്രതികരണമെന്നും മൂറെ പറയുന്നു. ഇനി ക്രിക്കറ്റ് താങ്ങാനുള്ള ശേഷി തന്റെ ശരീരത്തിനില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 114 ടെസ്റ്റ് മത്സരങ്ങളും, 228 ഏകദിനങ്ങളും 78 ട്വിന്റി20കളും ഡിവില്ലിയേഴ്‌സ് കളിച്ചു. 14 വര്‍ഷം നീണ്ടുനിന്ന കരിയറായിരുന്നു അതെങ്കിലും മുപ്പത്തിനാലു വയസുകാരനായ ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്ന സങ്കടം അടുത്തെങ്ങും ക്രിക്കറ്റ് പ്രേമികളെ വിട്ടുപോകാനിടയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com