വിവാഹ ശേഷമുള്ള ആ പതിവും തെറ്റിച്ചു; കോഹ് ലി ട്രെന്‍ഡ് മേക്കറല്ല, ബ്രേക്കറെന്ന് ആരാധകര്‍

ഐപിഎല്‍ പതിനൊന്നാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞതിന് പിന്നാലെ ട്രെന്‍ഡ് മേക്കറെന്ന പേര് മാറ്റി ട്രെന്‍ഡ് ബ്രേക്കര്‍ എന്ന പേരും കോഹ് ലിക്കിടുന്നുണ്ട് ആരാധകര്‍
വിവാഹ ശേഷമുള്ള ആ പതിവും തെറ്റിച്ചു; കോഹ് ലി ട്രെന്‍ഡ് മേക്കറല്ല, ബ്രേക്കറെന്ന് ആരാധകര്‍

എല്ലാ അര്‍ഥത്തിലും ട്രെന്‍ഡ് മേക്കറാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കളിക്കളത്തിലും പുറത്തും അങ്ങിനെ തന്നെ. പക്ഷേ ഐപിഎല്‍ പതിനൊന്നാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞതിന് പിന്നാലെ ട്രെന്‍ഡ് മേക്കറെന്ന പേര് മാറ്റി ട്രെന്‍ഡ് ബ്രേക്കര്‍ എന്ന പേരും കോഹ് ലിക്കിടുന്നുണ്ട് ആരാധകര്‍. 

ഐപിഎല്ലില്‍ കണ്ടുവന്നിരുന്ന ഒരു ട്രെന്‍ഡ് തകര്‍ക്കുകയായിരുന്നു കോഹ് ലി. എന്താണെന്നല്ലേ? വിവാഹത്തിന് ശേഷം ഐപിഎല്‍ കളിക്കാനെത്തുന്ന നായകന്മാര്‍ ആ വര്‍ഷം കപ്പെടുക്കും എന്ന വിശ്വാസമാണ് ഒരു വിഭാഗം ആരാധകര്‍ക്കുള്ളത്. 

അവരതിന് ഉദാഹരണവും നല്‍കുന്നുണ്ട്. 2010ല്‍ ധോനി വിവാഹം കഴിച്ചു. 2011ല്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2011ല്‍ ഗംഭീര്‍ വിവാഹിതനായി. തൊട്ടടുത്ത 2012 സീസണില്‍ കൊല്‍ക്കത്തയെ ഗംഭീര്‍ കിരീടത്തിലേക്ക് എത്തിച്ചു. 2015ല്‍ ഡേവിഡ് വാര്‍ണറുടെ ഊഴമായിരുന്നു. 2015ല്‍ വാര്‍ണര്‍ വിവാഹം കഴിച്ചു. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടി. 

ഈ പതിവ് കോഹ് ലി തെറ്റിച്ചുവെന്നാണ് ആരാധകര്‍ കളിയായി പറയുന്നത്. ആരാധകരേക്കാളും ഐപിഎല്‍ കിരീടം സ്വന്തമാക്കുക എന്ന ആഗ്രഹം തന്നില്‍ ഇരട്ടിയായി ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ബാംഗ്ലൂരിനെ കോഹ് ലി ഐപിഎല്‍ പതിനൊന്നാം സീസണില്‍ നയിക്കാനാരംഭിച്ചത്. പക്ഷേ തുടര്‍ തോല്‍വികളില്‍ നിന്നും ബാംഗ്ലൂരിന് പ്ലേഓഫ് കരകയറാന്‍ സാധിച്ചില്ല.

വിവാഹ ശേഷം നായകന്മാര്‍ കിരീടമുയര്‍ത്തുന്നു എന്നത് വെറുമൊരു അന്ധവിശ്വാസമാണെന്ന് ആരാധകര്‍ സമ്മതിക്കുന്നുണ്ടെങ്കില്‍ പോലും മൂന്ന് തവണ ഇതെങ്ങിനെ സംഭവിച്ചു എന്ന ചോദ്യവും അവരുയര്‍ത്തുന്നുണ്ട്. എന്തായാലും അവരുടെ ആ വിശ്വാസത്തെ കോഹ് ലി കയ്യോടെ തകര്‍ത്ത് കയ്യില്‍ കൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com