കൊമ്പുകോര്‍ക്കുമ്പോള്‍ ചെന്നൈയോ, സണ്‍റൈസേഴ്‌സോ? കലാശപ്പോരിനെ കുറിച്ച് അറിയേണ്ടതെല്ലാം

കട്ടയ്ക്ക് നില്‍ക്കുന്ന രണ്ട് ടീമുകള്‍ കിരീടത്തിന് വേണ്ടി പോരാടുമ്പോള്‍ മറ്റൊരു ക്ലാസിക് ഫൈനലാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്കെത്തുന്നത്
കൊമ്പുകോര്‍ക്കുമ്പോള്‍ ചെന്നൈയോ, സണ്‍റൈസേഴ്‌സോ? കലാശപ്പോരിനെ കുറിച്ച് അറിയേണ്ടതെല്ലാം

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് കിരീടത്തില്‍ മുത്തമിട്ടായിരിക്കുമോ ധോനിയും സംഘവും ആഘോഷിക്കുക? വില്യംസണിന്റെ നായകത്വത്തിന് കീഴില്‍ ഐപിഎല്ലില്‍ മറ്റ് വമ്പന്മാരെയെല്ലാം നിഷ്പ്രഭരാക്കി ആധിപത്യം പുലര്‍ത്തിയ ഹൈദരാബാദ് കിരീടം ഉയര്‍ത്തിയായിരിക്കുമോ പുലരി വെളുപ്പിക്കുക? കട്ടയ്ക്ക് നില്‍ക്കുന്ന രണ്ട് ടീമുകള്‍ കിരീടത്തിന് വേണ്ടി പോരാടുമ്പോള്‍ മറ്റൊരു ക്ലാസിക് ഫൈനലാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്കെത്തുന്നത്. 

ടീം വര്‍ക്കാണ് രണ്ട് ടീമുകളേയും ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചത്. ഐപിഎല്‍ കലാശ പോരിലേക്ക് കടക്കുമ്പോള്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കുന്ന രണ്ട് ടീമുകളേയും സംബന്ധിക്കുന്ന ചില കാര്യങ്ങള്‍...

ഈ സീസണില്‍ ചെന്നൈയും സണ്‍റൈസേഴ്‌സും നേര്‍ക്ക് നേര്‍ന്ന് വന്നത്

മൂന്ന് തവണ ചെന്നൈയും സണ്‍റൈസേഴ്‌സും പതിനൊന്നാം ഐപിഎല്‍ സീസണില്‍ ഏറ്റുമുട്ടി. ലീഗ് മത്സരങ്ങളില്‍ രണ്ട് വട്ടവും ക്വാളിഫൈയിങ് മാച്ചിലുമായിട്ടായിരുന്നു ആ കൊമ്പുകോര്‍ക്കല്‍. മൂന്ന് തവണയും ജയം ചെന്നൈയ്‌ക്കൊപ്പം തന്നെ നിന്നു. 

മുഖാം മുഖം വന്നപ്പോള്‍

ഐപിഎല്‍ ചരിത്രത്തില്‍ 9 തവണ ചെന്നൈയും സണ്‍റൈസേഴ്‌സും നേര്‍ക്കു നേര്‍ വന്നു. രണ്ട് തവണ മാത്രമാണ് ഹൈദരാബാദിന് ജയം പിടിക്കാനായത്. ഏഴ് ജയങ്ങള്‍ കൈപ്പിടിയിലാക്കി ഫൈനലിലെ മുന്‍തൂക്കം തങ്ങള്‍ക്ക തന്നെയെന്ന് ചെന്നൈ വ്യക്തമാക്കുന്നു. 

ചെന്നൈയും ഹൈദരാബാദും തൊട്ട കിരീടം

രണ്ട് വട്ടം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോനി ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചു. 2012ലും 2013ലുമായിരുന്നു അത്. 2016ലാണ് സണ്‍റൈസേഴ്‌സ് ഐപിഎല്‍ കിരീടത്തില്‍ തൊട്ടത്. ഏഴാം തവണയാണ് ചെന്നൈ ഫൈനലിലേക്കെത്തുന്നത്. സണ്‍റൈസേഴ്‌സ് മൂന്നാം വട്ടവും. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്ന പേരിലായിരുന്നു സണ്‍റൈസേഴ്‌സ് ഫൈനലില്‍ കൊമ്പുകോര്‍ത്തത്. 

ഹൈദരാബാദിലേയും ചെന്നൈയിലേയും റണ്‍വേട്ടക്കാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍ കെയിന്‍ വില്യംസണ്‍ തന്നെയാണ്. 688 റണ്‍സാണ് വില്യംസണ്‍ പതിനൊന്നാം സീസണില്‍ സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപും വില്യംസിന്റെ തലയില്‍ തന്നെ. ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍ അമ്പാട്ടി റായിഡുവാണ്. 586 റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം. 

വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍

അഫ്ഗാന്‍ പ്രതിഭാസം റാഷിദ് ഖാനാണ് സണ്‍റൈസേഴ്‌സ് നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 21 വിക്കറ്റുകളാണ് റാഷിദിന്റെ അക്കൗണ്ടിലുള്ളത്. പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കാന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തണം റാഷിദിന്. 21 വിക്കറ്റ് വീഴ്ത്തി സിദ്ധാര്‍ഥ് കൗളും റാഷിദിന് ഒപ്പമുണ്ട്. ചെന്നൈയുടെ ബൗളിങ് നിരയില്‍ 15 വിക്കറ്റ് വീഴ്ത്തിയ ഷര്‍ദുല്‍ താക്കൂറാണ് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com